പാര്‍ട്ടിപ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്ത സി.പി.എം എങ്ങനെ വനിതകളുടെ ആത്മാഭിമാനത്തിന് മതില്‍ തീര്‍ക്കും? : രമേശ് ചെന്നിത്തല

webdesk
Sunday, December 16, 2018

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ പോലും മാനം സംരക്ഷിക്കാത്ത സി.പി.എം ആണോ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.കെ ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടിയുടെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോള്‍ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയുമാണ് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ ചെയ്തത്. ഇതാണോ സി.പി.എം കൊട്ടിഘോഷിക്കുന്ന നവോത്ഥാന മൂല്യമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

വനിതാനേതാവിന്‍റെ പരാതി മുഖവിലക്കെടുക്കാതിരുന്ന പാര്‍ട്ടി കമ്മീഷന്‍ പരാതിക്കാരി ദുരുദ്ദേശത്തോടെ ശശിയെ കുടുക്കാന്‍ ശ്രമിച്ചു എന്ന മട്ടിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതിയോട് ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് ദൃക്‌സാക്ഷികളുണ്ടോ എന്ന കമ്മീഷന്‍റെ ചോദ്യം അപഹാസ്യവും യുക്തിരഹിതവും പി.കെ ശശിയെ രക്ഷിക്കുന്നതിന് കരുതിക്കൂട്ടി ഉന്നയിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീയോട് അതിക്രമത്തിന് മുതിരുന്നയാള്‍ ദൃക്‌സാക്ഷിയെക്കൊണ്ട് നിര്‍ത്തിയിട്ട് അത് ചെയ്യുമെന്നാണോ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ കരുതുന്നത്? പാര്‍ട്ടി ഓഫീസില്‍ വച്ച് മോശമായി പെരുമാറിയിരുന്നെങ്കില്‍ അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുമായിരുന്നെന്ന നിഗമനവും യുവതി പരാതി കെട്ടിച്ചമച്ചതാണെന്ന ധ്വനി ഉള്ളതാണ്. പരാതിക്കാരി ആ സംഭാഷണത്തിന്‍റെ റെക്കോര്‍ഡിംഗ് കൈമാറിയതിനാല്‍ മറ്റ് നിവൃത്തിയില്ലാതെയാണ് ഫോണില്‍ മോശമായി സംസാരിച്ചു എന്ന് കമ്മീഷന്‍ സമ്മതിച്ചതുതന്നെ. അിനാലാണ് പേരിനുള്ള നടപടി ഉണ്ടായിരിക്കുന്നത്.

വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളോട് അതിക്രമത്തിന് മുതിരുന്നയാള്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാളാണെങ്കില്‍ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം എന്നും സ്വീകരിക്കുന്നത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ശശിക്കെതിരായ കേസ്.  സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരായ സ്ത്രീകളുടെ മാനം പോലും സംരക്ഷിക്കാത്ത സി.പി.എമ്മിന് കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില്‍ സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.[yop_poll id=2]