ജനാധിപത്യമില്ലാത്ത മോദിയുടെ പുതിയ ഇന്ത്യയല്ല, ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പഴയ ഇന്ത്യയാണ് നമുക്ക് വേണ്ടത്: എം.എം ഹസന്‍

Jaihind Webdesk
Sunday, September 22, 2019

ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പഴയ ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷനും ജനശ്രീ സുസ്ഥിര വികസന മിഷൻ ചെയർമാനുമായ എം.എം ഹസൻ. ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് അടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം ഹസൻ.

ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ട നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പുതിയ ഇന്ത്യയല്ല, ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പഴയ ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് ജനശ്രീ സുസ്ഥിര വികസന മിഷൻ സംസ്ഥാന ചെയർമാൻ എം.എം ഹസൻ പറഞ്ഞു.

പുതിയ ഇന്ത്യയുടെ മുദ്രാവാക്യം ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു പാർട്ടി, ഒരു നേതാവ്’ എന്നതായതുകൊണ്ട് പുതിയ ഇന്ത്യ ഏകാധിപത്യത്തിന്‍റെയും മതാധിഷ്ഠതയുടെയും രാജ്യമായി മാറുകയാണ്. മതമേതായാലും ഭാഷ ഏതായാലും ഭക്ഷണം ഏതായാലും വേഷം ഏതായാലും ഇന്ത്യ ഒന്നാവണമെന്ന ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും ഇന്ത്യയെ വീണ്ടെടുക്കുവാനാണ് ജനശ്രീയും ജനശ്രീ പ്രവർത്തകരും ആഗ്രഹിക്കുന്നത്.

നവകേരളം നിർമിക്കാനുള്ള പിണറായി വിജയന്‍റെ ആഹ്വാനം ആത്മാർത്ഥതയില്ലാത്തതാണ്.  പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിക്കാതെയുള്ള സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെ ജനശ്രീ സുസ്ഥിര വികസന മിഷൻ എതിർക്കും. അനിയന്ത്രിതമായ ഖനനത്തെയും വന നശീകരണത്തെയും തടയാൻ കഴിയാത്ത പിണറായി സർക്കാരിന്‍റെ നവകേരളമെന്ന മോഹം വെറും രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. അടൂർ മാർത്തോമാ യൂത്ത് സെന്‍ററിൽ നടക്കുന്ന ദ്വിദിന ജനശ്രീ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എം ഹസൻ. ക്യാമ്പിൽ 14 ജില്ലകളിൽ നിന്നായി 350 പ്രധിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഒരു വർഷത്തെ ജനശ്രീ മിഷന്‍റെ പ്രവർത്തന രൂപരേഖ ക്യാമ്പിൽ ചർച്ചചെയ്യും.

ജനശ്രീ മിഷൻ സെക്രട്ടറി ബി.എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ, പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ്, മുൻ ഡി.സി.സി പ്രസിഡന്‍റ് പി മോഹൻരാജ്, കാട്ടൂർ അബ്ദുൽ സലാം, സോളമൻ അലക്സ്‌, എ ഷാനവാസ്‌ ഖാൻ, കെ.കെ നൗഷാദ്, ഒ അബ്ദു റഹ്മാൻ കുട്ടി, എം ഭാസ്കരൻ, എം.എ ജോൺ, ചന്ദ്രൻ തില്ലങ്കേരി, എം വേണുഗോപാൽ, എഴുകോൺ നാരായണൻ, ജയാ ശ്രീകുമാർ, കൊല്ലം പണിക്കർ, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, മുണ്ടപ്പള്ളി സുഭാഷ്, ലീലാ രാജൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.