ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ 13-ാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്

Jaihind News Bureau
Sunday, February 2, 2020

മലപ്പുറം : മതേതര പൗരത്വ സംഗമം എന്ന പ്രമേയവുമായി ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നു. സമ്മേളനം സംസ്ഥാന ചെയർമാന്‍ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ആര്യാടൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധിയന്‍ ആശയങ്ങളിലൂന്നി സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഇടത്തട്ടുകാരുടെയും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ജനശ്രീ മിഷന്‍റെ പതിമൂന്നാമത് സംസ്ഥാന സമ്മേളത്തിനാണ് മലപ്പുറം സാക്ഷിയായത്. ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിജ്ഞ എടുത്തുമാണ് സമ്മേളനം തുടങ്ങിയത്. പൗരത്വ നിയമം മഹാത്മാ ഗാന്ധിയുടെ സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് നയപ്രഖ്യാപന സമ്മേളനത്തിൽ രാഷ്ട്രപതി പറഞ്ഞതിലൂടെ മഹാത്മാ ഗാന്ധിയുടെ ആത്മാവിന് നേരെ വെടി ഉതിർക്കുകയാണ് രാഷ്ട്രപതി ചെയ്തതെന്ന് എം.എം ഹസൻ പറഞ്ഞു. എന്നാൽ ഗാന്ധിയുടെ ആത്മാവ് ഇന്ത്യയുടെ മതേതരത്വത്തിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവന് യാതൊരു ആനുകൂല്യവും ഇല്ലാത്തതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്യാടൻ മുഹമ്മദ്‌ പറഞ്ഞു. കഴിഞ്ഞ ബജറ്റിനേക്കാൾ ചെറിയ വ്യത്യാസം മാത്രമാണ് ഈ ബജറ്റിൽ ഉള്ളത്. കർഷകന്‍റെ ഉത്പന്നങ്ങൾക്ക് വില ഇരട്ടിയാക്കും എന്ന് കഴിഞ്ഞ ബജറ്റിലും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി ഉബൈദുള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, ജനശ്രീ സംസ്ഥാന മിഷന്‍ സെക്രട്ടറി ബി.എസ് ബാലചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ലതികാ സുഭാഷ്, തമ്പാനൂര്‍ രവി തുടങ്ങിയവരും ഒപ്പം സംസ്ഥാനത്തിന്‍റെ 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ജനശ്രീ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും സമ്മേളനത്തിനോടനുബന്ധിച്ച് നടന്നു.