ഉപതെരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫിന്‍റെ അടിത്തറ ശക്തമെന്ന് കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Friday, November 30, 2018

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്‍റെ അടിത്തറ ശക്തമെന്ന് തെളിയുക്കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

നിലവിലെ 13 സീറ്റുകളില്‍ 12 സീറ്റുകള്‍ യു.ഡി.എഫിന് നേടാനായി. കൂടാതെ ഒരിടത്ത് യു.ഡി.എഫ് വിമതനും വിജയിച്ചു. ചിലസീറ്റുകള്‍ നഷ്ടമായെങ്കിലും പുതിയവ നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞതവണത്തെക്കാള്‍ വോട്ടിംഗ് ശതമാനത്തിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി.

തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന്‍റെ വിജയം തിളക്കമാര്‍ന്നതാണ്. ബി.ജെ.പി രണ്ട് സീറ്റുകള്‍ നേടിയതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം രഹസ്യധാരണയുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. കോണ്‍ഗ്രസിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തുക എന്ന സി.പി.എമ്മിന്‍റെ തന്ത്രമാണ് ബി.ജെ.പിയുടെ വിജയത്തിന്‍റെ പിന്നിലെന്ന് സംശയിക്കേണ്ടിരിക്കുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇനിയെത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചാലും യു.ഡി.എഫിന്‍റെ അടിത്തറയ്ക്ക് ഒരു പോറല്‍പോലും ഏല്‍പിക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. ജനാധിപത്യബോധമുള്ള വോട്ടര്‍മാര്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും ഒത്തുകളി രാഷ്ട്രീയം തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.