കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറി : മുഴുവൻ സ്ഥാനാർത്ഥികളെയും പിൻവലിച്ച് കെ എസ് യു – എംഎസ്എഫ് സഖ്യം

Jaihind News Bureau
Thursday, August 29, 2019

കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കാസർകോട് ഗവ. കോളജിൽ എം.എസ്.എഫ് – കെ.എസ്.യു സഖ്യം മുഴുവൻ സ്ഥാനാർത്ഥികളെയും പിൻവലിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം എസ് എഫ് ഐ നേതാവിന്‍റെ പത്രിക സ്വീകരിച്ചതിന് പിന്നാലെയാണ് കെ.എസ് യു. എം എസ്എഫ് തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിച്ചത്.

നിയമവിരുദ്ധമായാണ് എസ് എഫ് ഐ നേതാവിന്‍റെ പത്രിക സ്വീകരിച്ചതെന്നും നിയമപ്രകാരമുള്ള മാനദണ്ഡം എസ് എഫ് ഐയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിക്കില്ലെന്നും എംഎസ്എഫ് ആരോപിക്കുന്നു. ഓഗസ്റ്റ് 26ന് നടന്ന സൂക്ഷ്മ പരിശോധന സമയത്ത് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി പരീക്ഷ പാസാവാത്ത ആളാണെന്ന് റിട്ടേണിംഗ് ഓഫീസറും അധ്യാപകരും കണ്ടെത്തിയിരുന്നുവെന്നും ഇതേ തുടർന്ന് യൂണിവേഴ്സിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ 27ന് 11 മണിക്ക് നടന്ന സൂക്ഷ്മ പരിശോധനയിൽ എസ് എഫ് ഐ സമർപ്പിച്ച മാർക്ക് ലിസ്റ്റ് അതേപടി ഒപ്പും, സീലും വെച്ച് കോളജിലേക്ക് അയക്കുകയാണ് ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി മോഡലിൽ വ്യാജരേഖയ്ക്ക് കൂട്ടുനിന്ന് തെരഞ്ഞെടുപ്പ് രീതിയെ അട്ടിമറിക്കുകയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വിസിയും പരീക്ഷ കൺട്രോളറും ചെയ്തതെന്നും സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും ഏജന്റായി പ്രവർത്തിക്കുകയാണ് ഇവരെന്നും നേതാക്കൾ പറഞ്ഞു

അതേസമയം പരാജയ ഭീതി കാരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു ഡി എസ് എഫ് നേതാക്കൾ ശ്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.