തലപ്പാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; മാധ്യമപ്രവർത്തകരെയും കടത്തിവിടുന്നില്ല; പ്രതിസന്ധി രൂക്ഷമാകും

Jaihind News Bureau
Monday, March 30, 2020

കാസർകോട്-കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാധ്യമപ്രവർത്തകരെയും കടത്തിവിടുന്നില്ല. പച്ചക്കറികളുടെയും ആവശ്യസാധനങ്ങളുടെയും വരവ് നിലയ്ക്കുന്നു. രൂക്ഷമായ പ്രതിസന്ധിയാകും ഇതോടെ ഉണ്ടാകുക.

സംസ്ഥാന സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ജില്ലയിൽ എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, കാസർകോട് ജില്ലയിലെ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണം 89 ആയി. 89 പേരിൽ 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കുട്ടികളും സ്തീകളുമാണ് സമ്പർക്ക പട്ടികടയിൽ ഏറെ ഉള്ളത്.

ജില്ലയിൽ ആകെ 7042 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 127 പേര്‍ ആശുപത്രികളിലാണ്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയതിനു 200 പേർക്കെതിരെയും ഹോം ക്വാറന്‍റൈൻ ലംഘിച്ചതിനു 8 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പുതിയതായി കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ 30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി, 25 വയസ്സുള്ള മൊഗ്രാൽ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി, 50 ഉം 43ഉം വയസ്സുള്ള ചട്ടഞ്ചാൽ സ്വദേശികൾ, 28 ഉം 39 ഉം വയസ്സുള്ള മധൂർ സ്വദേശികൾ എന്നിവർ ദുബായിൽ നിന്നും വന്നവരാണ്.

ജില്ലയിൽ രോഗ ബാധിതർ കൂടി വരുന്നതിനാൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാന സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേരള-കർണ്ണാടക അതിർത്തി പ്രശ്നത്തിനു പരിഹാരമാകാത്തതിനെ തുടർന്ന് രോഗബാധിതർ ഏറെ ബുദ്ധിമുട്ടുകയാണ്.