കാസർഗോഡ് പെരിയ എയർ സ്ട്രിപ്പ് പദ്ധതിക്ക് അനുമതിയായി

Jaihind News Bureau
Saturday, December 14, 2019

കാസർഗോഡ് പെരിയ എയർ സ്ട്രിപ്പ് പദ്ധതിക്ക് അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ബേക്കൽകോട്ടയുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകൾക്കും ആഭ്യന്തര യാത്രകൾക്കും ഉപകരിക്കുന്നതാണ് നിർദിഷ്ട ബേക്കൽ എയർ സ്ട്രിപ്പ് പദ്ധതി.

പെരിയ ചെറു വിമാനത്താവളം പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഒരു റൺവേ ഉള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. പദ്ധതിയുടെ നടപടി വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം റവന്യൂവകുപ്പിന് നിർദേശം നൽകി. 2011 ഫെബ്രുവരി 14നാണ് ബേക്കൽ എയർ സ്ട്രിപ്പ് പദ്ധതിക്ക് അംഗീകാരം നൽകി. സംസ്ഥാന സർക്കാർ ആദ്യ ഉത്തരവിറക്കിയത്. എന്നാൽ തുടർ നടപടികൾ ഒന്നും ഇല്ലാതെ സ്വപ്ന പദ്ധതി അനിശ്ചിതമായി നീണ്ടുപോയി. പദ്ധതി ഇഴഞ്ഞു നീങ്ങിയ തോടെ
പേരിയയിൽ തുറന്ന പ്രത്യേക ഓഫീസ് 2014 മെയ് 31 ന് അടച്ചുപൂട്ടി. ഇതിനിടെയാണ് എ ജി സി ബഷീർ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് ഭരണസമിതി പദ്ധതി നടപ്പാക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. എന്നാൽ സാങ്കേതികത്വത്തിൽ കുരുങ്ങി ഉപേക്ഷിക്കേണ്ടിവന്നു. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇപ്പോൾ ചെറു വിമാനത്താവളം ലക്ഷ്യമിടുന്നത്.

പെരിയ വില്ലേജിലെ കനിംകുണ്ടിൽ 80.44 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത് .ഇതിൽ 28.76 ഏക്കർ റവന്യൂ ഭൂമിയും
51.68 സ്വകാര്യ ഭൂമിയുമാണ്. ആറു വർഷം മുൻപ് നടത്തിയ പഠനത്തിൽ ഭൂമി ഏറ്റെടുക്കലിന് മാത്രം 25 കോടി രൂപ വേണ്ടി വരും എന്നായിരുന്നു കണക്ക്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.