ലോകകേരള സഭയിൽ കോൺഗ്രസിന് രണ്ട് നിലപാട് ഇല്ലെന്ന് കെസി വേണുഗോപാൽ; വിവാദത്തിലേക്ക് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരം; മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയത് സ്വാഭാഗികമെന്നും വിശദീകരണം

Jaihind News Bureau
Thursday, January 2, 2020

ലോക കേരള സഭ സംബന്ധിച്ച് കോൺഗ്രസിന് രണ്ട് നിലപാടില്ലെന്ന് എഐസിസി ജനറൽ സെകട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നിലപാടിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും കെ സി വേണുഗോപാൽ ഗുരുവായൂരിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കത്തിന് രാഹുല്‍ ഗാന്ധി മറുപടി കത്ത് അയച്ചത് ഡിസംബര്‍ 12നാണ്. ലോക കേരള സഭ ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം ഉണ്ടായത് അതിന് ശേഷമാണ്. കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ മാന്യമായ മറുപടി അയച്ചുവെന്നേയുളളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തെ തളളുന്ന നടപടിയല്ല. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്‍ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു.