സ്വന്തം രാജ്യത്തെ വിഭജിക്കുന്ന സർക്കാറാണ് മോദി സര്‍ക്കാരെന്ന് കെ.സി വേണുഗോപാൽ

Jaihind News Bureau
Friday, December 27, 2019

സ്വന്തം രാജ്യത്തെ വിഭജിക്കുന്ന സർക്കാറാണ് മോദി സര്‍ക്കാരെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളം പറയുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ കരസേന മേധാവി തയ്യാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

രാജ്യം മുഴുവൻ എൻ ആർ സി നടപ്പാക്കുമെന്ന് പാർലമെന്‍റിൽ പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പൊതുവേദികളിൽ അത് നിഷേധിക്കുന്നത് പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകമാണ്. പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് അമിത് ഷാ നടത്തുന്നത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനല്ല പ്രസക്തിയെന്നും, പാർലമെന്‍റിൽ പറഞ്ഞതാണ് ആധികാരികമെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.

എൻ.ആർ.സിയിലും എൻ.പി.ആറിലും വ്യക്തതയില്ല. പൗരത്വത്തിന്‍റെ അടിസ്ഥാനം മതമാക്കിയത് അപകടമാണെന്നും, നടപടികൾ നിർത്തി വെക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രേഖകൾ ഇല്ലാതെ വരുന്ന അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ വേണ്ടിയാണ് യു.പി.എ കെട്ടിടങ്ങൾ നിർമിക്കുന്നത് ആലോചിച്ചത്. അതിന് എൻ ആർ സിയുമായോ എൻ പി ആറുമായോ ബന്ധമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി

ദേശീയ തലത്തിൽ ഒറ്റക്കെട്ടായാണ് പ്രക്ഷോഭങ്ങൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലങ്ങളിൽ എങ്ങനെ വേണമെന്ന് സംസ്ഥാന നേതാക്കൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.