യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Jaihind Webdesk
Wednesday, April 24, 2019

Suresh-Kallada

ബംഗളുരുവിലേക്കുള്ള യാത്രാമധ്യേ ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സ് ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മെയ് 29 ന് രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടു.

കല്ലട ട്രാവല്‍സിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. DySP  റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. ഡി.വൈ.എസ്.പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ്. ഇതിനു പുറമെ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലീസ് മേധാവിയും  മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും സംഭവത്തില്‍ വിശദീകരണം നൽകണം.

കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച  പരാതിയിലാണ് നടപടി. കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ യാത്രക്കാരെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി  പരാതിയിൽ പറയുന്നു.  മർദ്ദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ഇത്തരം സംഭവങ്ങള്‍‌  ഒറ്റപ്പെട്ടതല്ലെന്നും പരാതിയിൽ  പറയുന്നു.