യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച കേസ്: ബസുടമ സുരേഷ് കല്ലടയെ പോലീസ് ചോദ്യം ചെയ്തു

Jaihind Webdesk
Thursday, April 25, 2019

Suresh-Kallada

കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസുടമ സുരേഷ് കല്ലടയെ പോലീസ് ചോദ്യം ചെയ്തു. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഉച്ചക്ക് ശേഷമാണ് അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരായത്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് തനിക്ക് ഹാജരാകാൻ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സി.ഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്.

ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്‍റെ ആലോചന. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടയ്ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.