
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ യുഡിഎഫ് സജ്ജമാണെന്ന് കെ. സുധാകരന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഐതിഹാസിക വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന് അപമാനകരമായ ഭരണമാണ് നടന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, വിലക്കയറ്റം, പിന്‍വാതില്‍ നിയമനം എന്നിവയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ അഭിമുഖങ്ങളിലെ വാക്കുകള്‍ വളച്ചൊടിച്ച് സെന്‍സേഷണല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണതയ്ക്കെതിരെ സുധാകരന്‍ ജാഗ്രത നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സത്യത്തെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട യുഡിഎഫ് പ്രവർത്തകരേ,
പിണറായി ഭരണം പൊറുതിമുട്ടിച്ച ജനങ്ങൾക്കു മുന്നിൽ, ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു നിർണായക അവസരമാണ്.പത്ത് വർഷത്തെ ഇടത് ഭരണം കൊണ്ട് പൊറുതി മുട്ടിയ ജനം ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്
ഐതിഹാസികമായ വിജയമാണ് സമ്മാനിച്ചത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാം ഈ ആധിപത്യം തുടരുക തന്നെ ചെയ്യും. കാരണം കഴിഞ്ഞ പത്തുവർഷം ശബരിമല കൊള്ളയും, അഴിമതിയും, സ്വജന പക്ഷപാതവും, ധൂർത്തും, വിലക്കയറ്റവും, പിൻവാതിൽ നിയമനവും, പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും നേതാക്കൻമാരെയും പോലീസിനെ ഉപയോഗിച്ച് വേട്ടയാടൽ…. ചുരുക്കത്തിൽ കേരളത്തിന് അപമാനകരമായ ഒരു ഭരണമായിരുന്നു പിണറായി ഭരണം.
എന്നാൽ ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുവാൻ പോവുകയാണ്.
മീഡിയയിൽ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ, യഥാർത്ഥ അർത്ഥത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിച്ച് Sensational വാർത്തകൾ സൃഷ്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. സത്യത്തെ മറച്ചുവെച്ച്, വാക്കുകൾ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നമ്മൾ ജാഗ്രത പുലർത്തണം.
ഒരു വാക്കിന്റെ അർത്ഥം പോലും മാറ്റി, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണിയാണ്.
ഈ വേളയിൽ എനിക്കെന്റെ
യു ഡി എഫ് പ്രവർത്തകരോട് പറയാനുള്ളത് അമിത ആത്മവിശ്വാസത്തിൽ അകപ്പെട്ട് നാം നമ്മുടെ പ്രവർത്തനത്തിൽ യാതൊരു തരത്തിലുള്ള അലസതയും പാടില്ല. പോയകാലങ്ങൾ നമുക്ക് അതൊരു പാഠമാണ്. നമ്മൾ എല്ലാവരും ഒന്നിച്ച് മുന്നോട്ട് വരേണ്ട സമയമാണിത്.
പ്രവർത്തകർ ഓരോരുത്തരും ഒരു നിമിഷം പോലും മുടങ്ങാതെ പ്രവർത്തിക്കണം. ഓരോ വീടുകളിലേക്കും എത്തി, ജനങ്ങളുമായി സംവദിച്ച്, അവരുടെ വിശ്വാസം നേടണം. ഒരാളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ പാടില്ല.
യു .ഡി .എഫ് പ്രവർത്തകർക്കും, ജനാധിപത്യ വിശ്വാസികൾക്കും ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് മാത്രമല്ല — ഒരു നിർണായക പരീക്ഷണമാണ്. ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് നീങ്ങിയാൽ വിജയം നമ്മുടെതായിരിക്കും.
നമ്മൾ ജയിക്കും ….നമ്മളെ ജയിക്കൂ…. ജയ് യു ഡി എഫ്