പൗരത്വ ഭേദഗതി നിയമത്തിനെതിരായ താക്കീതായി ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര

Jaihind News Bureau
Wednesday, February 5, 2020

കൊല്ലം : ഇന്ത്യയെ ഒരു മതരാഷ്ടമാക്കുവാനുള്ള വർഷങ്ങളായ പ്രയത്നത്തിന്‍റെ അവസാനത്തെ തന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെ.എൻ.എ ഖാദർ എം.എൽ.എ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കൊല്ലത്ത് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്രയുടെ പതിമൂന്നാം ദിവസത്തെ സമാപന സമ്മേളനം ചടയമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ മതേതരത്വത്തെ അട്ടിമറിക്കാൻ പലകുറി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് കെ.എൻ.എ ഖാദർ എം.എൽ.എ പറഞ്ഞു. ലോകത്തിൽ ഒരിടത്തും മതത്തിന്‍റെ പേരിൽ പൗരത്വം നല്‍കുന്ന രീതിയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. രാജ്യം ഒരു രണ്ടാം സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും ഇതു ഒരു മതവിഭാഗത്തിന്‍റെ മാത്രo പ്രശ്നമല്ലന്നും രാജ്യത്തിന്‍റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

ചടയമംഗലം ബ്ലോക്ക് മേഖലയിൽ പര്യടനം നടത്തിയ ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്രയ്ക്ക് എങ്ങും വൻ വരവേല്പാണ് ലഭിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ ഷാനവാസ് ഖാൻ, എം.എം നസീർ, പ്രയാർ ഗോപാലകൃഷ്ണൻ, വി.ഒ സാജൻ, ചിതറ മുരളി, ബി.എസ് ഷിജു, എം.എം സഞ്ജീവ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.