വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും

Jaihind Webdesk
Tuesday, July 16, 2019

India-Cricket

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ലോകകപ്പിൽ കളിച്ച ക്യാപ്റ്റൻ വിരാട് കോലി അടക്കമുള്ള താരങ്ങളിൽ പലർക്കും വിശ്രമം അവുവദിച്ചേക്കുമെന്നാണ് സൂചന. കോലിക്ക് വിശ്രമം അനുവദിക്കുകയാമെങ്കിൽ രോഹിത് ശർമയായിരിക്കും ഏകദിന, ടി20 പരമ്പരകളിൽ ഇന്ത്യയെ നയിക്കുക. എന്നാൽ ലോകകപ്പ് ടീമിലുണ്ടായിരുന്ന എം എസ് ധോണിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ധോണി വിരമിക്കുമെന്ന സൂചനകൾ ഇതുവരെ നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ധോണിയിൽ നിന്ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതിന് മുന്നോടിയായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. വിരമിച്ചില്ലെങ്കിലും ഐപിഎല്ലിൽ അടക്കം തുടർച്ചയായി കളിക്കുന്ന ധോണിക്ക് സെലക്ടർമാർ വിശ്രമം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്ത് തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കാക്കുക.

വിരാട് കോലിക്ക് പുറമെ പേസ് ബൗളർ ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിക്കുമ്പോൾ ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.ലോകകപ്പ് സെമിഫൈനലിൽ ഇടുപ്പിന് പരിക്കേറ്റ ഹർദ്ദിക് പാണ്ഡ്യ, ലോകകപ്പിനിടെ പേശിവലിവിനെത്തുടർന്ന് മത്സരം നഷ്ടമായ പേസ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവർക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന. വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനവും കളിക്കുന്ന ഇന്ത്യ ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും കളിക്കും.