കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് റെക്കോഡില്‍

Jaihind Webdesk
Thursday, March 7, 2019

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി നല്‍കി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഫെബ്രുവരിയോടെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നു. നേരത്തെ, രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവ്വേ ഓഫീസിന്‍റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു.

ജനുവരിയിൽ പുറത്തിറങ്ങിയ സി.എം.ഐ.ഇ റിപ്പോർട്ട് പ്രകാരം 2018ൽ 11 മില്ല്യൺ ആളുകൾക്കാണ് രാജ്യത്ത് തൊഴിൽ നഷ്ടമായത്. സെന്‍റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കണോമിയുടെ പുതിയ കണക്ക് പ്രകാരം നിരക്ക് 7.2 ശതമാനമായി ഉയർന്നു. 2016 സെപ്തംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്കാണ് ഈ വർഷത്തേത്. 2018 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായിരുന്നു. നേരത്തെ, രാജ്യത്ത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവ്വേ ഓഫീസിന്‍റെ പിരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2017-18 വർഷത്തിൽ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയർന്നെന്നാണ് റിപ്പോർട്ടിലുള്ളത്. ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴിൽ-തൊഴിൽരഹിത സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ കുതിച്ചുയർന്നെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഗ്രാമീണ മേഖലയിലേതിനേക്കാൾ കൂടുതലാണ് നഗരങ്ങളിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ.

ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുന്നത് ചർച്ചയായാൽ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിൽ റിപ്പോർട്ട് പുറത്തുവിടാൻ മോദി സർക്കാർ തയ്യാറായിരുന്നില്ല. റിപ്പോർട്ട് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2011-12 വർഷത്തിൽ തൊഴിലില്ലായ്മ 2.2% ആയിരുന്നു.ഇതാണ് 7.2 ആയി ഉയർന്ന് റെക്കോർഡിലേക്ക് കുതിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ കണക്കുകൾ പുറത്ത് വന്നത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.