
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്ന്, ആവണക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയോടൊപ്പം കരി പെയ്തിറങ്ങിയത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി. കരി കലർന്ന മഴ പെയ്തതോടെ പ്രദേശത്തെ വീടുകളുടെ മുറ്റത്തും മേൽക്കൂരകളിലും ചെടികളുടെ ഇലകളിലുമെല്ലാം കറുത്ത നിറത്തിലുള്ള കരി ഒട്ടിപ്പിടിച്ച നിലയിലാണ്. പ്രകൃതിദത്തമായ മഴയ്ക്ക് പകരം മലിനീകരണം കലർന്ന മഴ പെയ്തത് വലിയ പാരിസ്ഥിതിക പ്രശ്നമായാണ് നാട്ടുകാർ കാണുന്നത്.
പ്രദേശത്ത് പ്ലൈവുഡ് നിർമ്മാണ ശാലകൾ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ പുകക്കുഴലുകളിൽ നിന്ന് പുറന്തള്ളുന്ന കരിയും മാലിന്യവും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും, മഴ പെയ്തപ്പോൾ അതിനോടൊപ്പം കലർന്ന് താഴേക്ക് പതിക്കുകയും ചെയ്തതാവാം എന്നാണ് പ്രാഥമിക സംശയം. സംഭവത്തിന് പിന്നാലെ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വരും ദിവസങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.