ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് വിടവാങ്ങി : മൂന്ന് ദിവസം ദുഃഖാചരണം ; 40 ദിവസം ദേശീയപതാക താഴ്ത്തിക്കെട്ടും

Jaihind News Bureau
Saturday, January 11, 2020

മസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ഒമാന്‍ അറിയിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു.

ആധുനിക ഒമാന്‍റെ ശില്‍പിയെന്നാണ് ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.    മരണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസം നീണ്ട ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസം രാജ്യത്ത് ദേശീയപതാക താഴ്ത്തിക്കെട്ടും. സുല്‍ത്താന്‍റെ വിയോഗത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങളും നടക്കുകയാണെന്ന് ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായിരുന്നില്ല.