പാലക്കാട് എം.ബി രാജേഷിന് വെല്ലുവിളികള്‍ ഏറെ; പി.കെ. ശശി വിവാദം തിരിഞ്ഞുകൊത്തും

Jaihind Webdesk
Thursday, March 7, 2019

പാലക്കാട്: പാലക്കാട് എം.ബി. രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സി.പി.എമ്മിനുള്ളില്‍ ആശയക്കുഴപ്പവും വിഭാഗീയതയും കടുത്തു. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി മാനദണ്ഡം മാറ്റിവെയ്ക്കാന്‍ എന്തുകാരണം അണികളോട് പറയുമെന്നത് നേതൃത്വം അനുഭവിക്കുന്ന വെല്ലുവിളിയാണ്. മത്സരിച്ചാല്‍ വോട്ടുനേടാന്‍ കഴിയുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന സത്യം തുറന്നുപറയേണ്ടിവരുമോ എന്നതാണ് പ്രധാന ചോദ്യം. ആരുമില്ലാത്ത അവസ്ഥയില്‍ കേരളത്തിന് പുറത്തുള്ള പോളിറ്റ് ബ്യൂറോ അംഗത്തെ ഇവിടെ മത്സരിപ്പിക്കുന്നതിനെ കുറിച്ചുപോലും ഒരുസമയത്ത് ആലോചന പോയി. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ വൃന്ദ കാരാട്ടിനെയാണ് പരിഗണിച്ചിരുന്നത്. ആലോചനകളുടെ ആദ്യ റൗണ്ടില്‍ സിറ്റിങ്ങ് എം പി എം ബി രാജേഷ് ഉണ്ടായിരുന്നില്ല.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് എതിരായ ലൈംഗിക അരോപണങ്ങള്‍ ഉയര്‍ത്തിവിട്ടതിലെ പ്രധാന സൂത്രധാരന്‍ രാജേഷിനാണെന്നുള്ള ചിന്തയിലാണ് ഒരു പ്രബലവിഭാഗം. പാലക്കാട് ജില്ലാകമ്മിറ്റിയില്‍ ശക്തരായ പി.കെ. ശശി വിഭാഗത്തെ അനുനയിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന.
പി.കെ. രാജേഷിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ സ്തീപീഡന ആരോപണം വീണ്ടും സജീവ ചര്‍ച്ചയായേക്കുമെന്ന ഭയത്തിലാണ് മാറ്റം വേണ്ടെന്ന ഒരു തീരുമാനത്തിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പാലക്കാട് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തീര്‍ക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ രംഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ എം ബി രാജേഷിന് രണ്ട് ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മുന്‍ എം പിയായ എന്‍.എന്‍. കൃഷ്ണദാസാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെട്ട് അപ്രസക്തനായിരിക്കുന്ന മറ്റൊരു വ്യക്തി. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു. എം ബി രാജേഷുമായി അകല്‍ച്ചയിലായതാണ് പാര്‍ട്ടിക്കാരുപോലും വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായതെന്നാണ് കൃഷ്ണദാസും അനുയായികളും കരുതുന്നു. ചുരുക്കത്തില്‍ ചേരിപ്പോരില്‍ പാര്‍ട്ടിയുടെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള അനുനയ നീക്കങ്ങളാണ് പാലക്കാട് ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന സി.പി.എം രാഷ്ട്രീയം.