പൗരത്വ സമരത്തില്‍ എസ്.ഡി.പി.ഐക്കൊപ്പം വേദി പങ്കിട്ട് സി.പി.എം ; വ്യക്തമാകുന്നത് സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ്

Jaihind News Bureau
Monday, February 10, 2020

പാലക്കാട് : എസ്.ഡി.പി.ഐക്കൊപ്പം വേദി പങ്കിട്ട് സി.പി.എം. പാലക്കാട് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സംഗമത്തിൽ സി.പി.എം നേതാവ് നിതിൻ കണിച്ചേരി പങ്കെടുത്തു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ പങ്കെടുത്ത വേദിയിലാണ് ജില്ലാ പഞ്ചായത്ത്‌ അംഗം കൂടിയായ സി.പി.എം നേതാവ് പങ്കെടുത്തത്.

എസ്.ഡി.പി.ഐയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പറയുന്ന സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ സംഭവം. നേരത്തെ പൗരത്വ പ്രതിഷേധസമരങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കടന്നുകൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എസ്.ഡി.പി.ഐയെ ഉന്നം വെച്ചായിരുന്നു. അതേ സംഘടനയ്ക്കൊപ്പം സി.പി.എം നേതാവ് വേദി പങ്കിട്ടത് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തമാണ് ഇപ്പോള്‍ എസ്.ഡി.പി.ഐക്കൊപ്പം സി.പി.എം നേതാവ് വേദി പങ്കിട്ടതിലൂടെ പ്രകടമാകുന്നതെന്ന് ആക്ഷേപമുയരുന്നു. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.