ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം ഏറ്റുവാങ്ങാന്‍ സമയമില്ല, സി.പി.എം എം.എല്‍.എക്ക് മുഖ്യം പാര്‍ട്ടി പരിപാടി

Jaihind News Bureau
Sunday, September 1, 2019

മുക്കം: തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലായുണ്ടായ കനത്ത പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കരകയറാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് വിവിധ കോണുകളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഭരണപക്ഷത്തുള്ള തിരുവമ്പാടി എം.എല്‍.എയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുക്കത്തെ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ തുക ഏറ്റുവാങ്ങാന്‍ തയ്യാറാവാത്ത എം.എല്‍.എയുടെ നടപടിയാണ് ചര്‍ച്ചയാവുന്നത്. ഈ വര്‍ഷത്തെ വിനോദയാത്ര ഒഴിവാക്കി ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുക്കം പ്രസ് ക്ലബ് യോഗം തീരുമാനമെടുത്തിരുന്നു.

ഇതനുസരിച്ച് പ്രസ് ക്ലബ് ഭാരവാഹികള്‍ ബാങ്കില്‍ നിന്ന് ഡ്രാഫ്റ്റ് എടുക്കുകയും ചെയ്തു. ഇത് കൈമാറുന്നതിനായി വ്യാഴാഴ്ച എം.എല്‍.എയുടെ ഓഫീസുമായി ബന്ധപ്പെട്ട് സമയവും വാങ്ങിയിരുന്നു. വൈകിട്ട് 5 മണിക്ക് ശേഷം എം.എല്‍.എ ഓഫീസില്‍ ഉണ്ടാവുമെന്ന് പി.എ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് 5 മണിക്ക് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും എം.എല്‍.എ പാര്‍ട്ടി സഹകരണ സംഘത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ മീറ്റിംഗിലാണന്ന വിവരമാണ് ലഭിച്ചത്. മീറ്റിംഗ് കഴിഞ്ഞ് ഡി.ഡി.എറ്റുവാങ്ങുമെന്നും ഓഫീസ് അറിയിച്ചു. 7 മണി വരെ മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരുന്നങ്കിലും എം.എല്‍.എ എത്തിയില്ല.

തുടര്‍ന്ന് 7.15 ഓടെ എം.എല്‍.എ പൂവാട്ട്പറമ്പില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയെന്ന മറുപടിയാണ് ലഭിച്ചത്.വെള്ളിയാഴ്ച ഡി.ഡി.വാങ്ങാന്‍ സംവിധാനമുണ്ടാക്കാമെന്ന് അറിയിച്ചങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രളയത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി നാടൊന്നാകെ ശ്രമിക്കുമ്പോള്‍ അതിലേക്ക് ലഭിക്കുന്ന തുക പോലും വാങ്ങാന്‍ സമയം കണ്ടെത്താതെ പാര്‍ട്ടി പരിപാടികള്‍ക്ക് സമയം ഉപയോഗപ്പെടുത്തുന്ന ജനപ്രതിനിധികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്ന് പ്രസ് ക്ലബ് പ്രസി. സി. ഫസല്‍ ബാബു പറഞ്ഞു. ഇനി എം.എല്‍.എയെ കാത്തു നില്‍ക്കുന്നില്ലന്നും ഉത്തരവാദിത്തപ്പെട്ട മറ്റൊരാള്‍ക്ക് ഡ്രാഫ്റ്റ് കൈമാറുമെന്നും പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.