പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസിന്‍റെ മാര്‍ച്ച്

Jaihind News Bureau
Wednesday, January 1, 2020

ട്രോമ കെയറിന് ആദരാജ്ഞലി അർപ്പിച്ച് ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രവർത്തന സജ്ജമല്ലാത്ത ട്രോമ കെയർ പ്രഹസന ഉദ്ഘാടനം നടത്തി പാലക്കാട് ജനതയെ തെറ്റിധരിപ്പിച്ച ആരോഗ്യ മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌.

ഉദ്ഘാടനം നടത്തി ഒരു വർഷം പൂർത്തിയായിട്ടും നാളിതുവരെയും പ്രവർത്തിക്കാത്ത ട്രോമ കെയറിന് ആദരാജ്ഞലി അർപ്പിച്ച് ശവപ്പെട്ടിയുമായാണ് യൂത്ത് കോൺഗ്രസ്സ് പാലക്കാട്‌ നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തിയത്. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി ഡോക്ടർമാരുടെ ശീതസമരം മൂലമാണ് കോടികൾ മുടക്കി പണി പൂർത്തിയാക്കിയ ട്രോമ കെയർ പ്രവർത്തിപ്പിക്കാത്തത് എന്നും രോഗികൾ ഇന്നും തൃശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്‌ ബോബൻ മാട്ടുമന്ത പറഞ്ഞു.

മെഡിക്കൽ കോളേജിലെ 12 സർജൻമാരുടെയും 12 അനസ്തേഷ്യ ഡോക്ടർമാരുടെയും 40 നഴ്സുമാരുടെയും സേവനം ജില്ലാ ആശുപത്രിക്ക് ലഭ്യമാണെങ്കിലും അവർക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയത്. ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചാൽ വരും ദിവസങ്ങളിൽ ആശുപത്രി അധികാരികളുടെ വസതിയിലേക്ക് ശവമഞ്ചവുമായി മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.