ഇടതുപക്ഷ ഭരണകൂടമാണ് മരണത്തിന്‍റെ വ്യാപാരികളെന്ന് ടി.സിദ്ദിഖ്; പ്രവാസികൾക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഷാഫി പറമ്പിൽ; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ചിന് തുടക്കം

Jaihind News Bureau
Thursday, June 25, 2020

പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ ക്രൂരവിവേചനത്തിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ചിന് തുടക്കമായി. കെ പി സി സി ഉപാദ്ധ്യക്ഷൻ ടി.സിദ്ദിഖ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം. എൽ. എ ക്ക് പതാക കൈമാറി.

ഇടതുപക്ഷ ഭരണകൂടമാണ് മരണത്തിന്‍റെ വ്യാപാരികളെന്ന് കെ പി സി സി ഉപാധ്യക്ഷനും കോഴിക്കോട് ഡി സി സി പ്രസിഡന്‍റുമായ ടി.സിദ്ദിഖ്. പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ജസ്റ്റീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ഉപകാരമില്ലാത്ത സർക്കാർ ഉപദേശകർക്ക് നൽകാൻ സർക്കാറിന്‍റെ കൈയിൽ പണമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംൽഎ. ലോക കേരള സഭ മോടി പിടിപ്പിക്കാനും പണമുണ്ട്. എന്നാൽ മരിച്ച പ്രവാസികളുടെ കുടുംബത്തിന് പണം നൽകാൻ കഴിയില്ല എന്ന് മന്ത്രി പറയുന്നു. പ്രവാസികൾക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ തിരികെ കൊണ്ട് വരാനായി ഒന്നും ചെയ്യുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റും എം എൽഎയുമായ കെ എസ് ശബരിനാഥനൻ. യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്നും 27 കിലോമീറ്റർ പുറപ്പെട്ട മാർച്ച് കോഴിക്കോട് സമാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവർക്ക് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മാർച്ചിൽ പങ്കെടുക്കുന്നു.