യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; രമ്യ ഹരിദാസ് എംപി ദേശീയ ജന. സെക്രട്ടറി; ചാണ്ടി ഉമ്മൻ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍

Jaihind Webdesk
Thursday, June 9, 2022

ന്യൂഡല്‍ഹി :യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രമ്യ ഹരിദാസ് എംപിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിദ്യാ ബാലകൃഷ്ണൻ ദേശീയ സെക്രട്ടറിയായി തുടരും. പി.എന്‍ വൈശാഖ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ചു. ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിലേക്ക്. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്‍റെ ചെയർമാനായി ചാണ്ടി ഉമ്മനെ നിയമിച്ചു.

യുവജനതയുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ശക്തമായി ഇടപെടുകയും അവരെ യൂത്ത് കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുക എന്നതാണ്  ഔട്ട്റീച്ച് സെല്ലിന്‍റെ ലക്ഷ്യമെന്ന് ചാണ്ടി ഉമ്മന്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

‘വനിതകള്‍, ദളിത്, പിന്നാക്ക, ആദിവാസി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും പ്രശ്നങ്ങള്‍ നേരിടുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും അവരെ യൂത്ത് കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം’  – ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യുവത നേരിടുന്ന വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മ പോലെയുള്ള പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.