തൃശൂരിൽ യൂത്ത് കോൺഗ്രസ് നടത്തി വന്ന സമൂഹ അടുക്കള സർക്കാർ ഇടപെട്ട് നിർത്തി; മന്ത്രി വി.എസ്. സുനിൽ കുമാറിന്‍റെ വീടിന് മുന്നിൽ പ്രതിഷേധവുമായി പ്രവർത്തകർ

Jaihind News Bureau
Friday, April 17, 2020

തൃശൂരിൽ യൂത്ത് കോൺഗ്രസ് നടത്തി വന്ന സമൂഹ അടുക്കള സർക്കാർ ഇടപെട്ട് നിർത്തി വെപ്പിച്ചു. തുടർന്ന് പ്രവർത്തകർ മന്ത്രി വി.എസ്. സുനിൽ കുമാറിന്‍റെ വീടിന് മുന്നിൽ പാത്രങ്ങളുമായെത്തി പ്രതിഷേധ സമരം നടത്തി.

മന്ത്രി വി.എസ് സുനിൽ കുമാറിന്‍റെ അന്തിക്കാട്ടെ വീടിന് മുന്നിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പാത്രങ്ങളും മറ്റ് സാമഗ്രികളുമായാണ് എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിന്‍റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെയെല്ലാം പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമൂഹ അടുക്കളകളിൽ രാഷ്ട്രീയം കലർത്തുന്നതിനെതിരെ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.