രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പുത്തന്‍ വാഹനങ്ങള്‍ക്കായി ഒരു കോടിയോളം ധൂർത്തടിച്ച് സർക്കാർ

Jaihind Webdesk
Wednesday, June 12, 2019

Thomas-Issac

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ ഒരു കോടിയോളം ധൂർത്തടിച്ച് സർക്കാർ.  96 ലക്ഷം രൂപ വരുന്ന 12 എസി ബൊലേറോ ജീപ്പുകളാണ് ധനവകുപ്പിന് കീഴിൽ പുതുതായി വാങ്ങിയത്. നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ മറുപടിയിലാണ് ഈ നടപടി നൽകിയിരിക്കുന്നത്.  പുതിയ വാഹനങ്ങൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ട ധനവകുപ്പ് തന്നെയാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി പുതിയ വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്.

നാല്‍പതിനായിരം മുതൽ എഴുപതിനായിരം കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. നിയമസഭയിൽ ധനമന്ത്രി നൽകിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്.

സാമ്പത്തിക പ്രതിസന്ധി മൂലം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും മുണ്ട് മുറുക്കി ഉടുക്കണമെന്നും എല്ലാം ആണ് ധനവകുപ്പ് നിർദ്ദേശം. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കണമെന്നായിരുന്നു നിർദ്ദേശം. ധനവകുപ്പ് പുതിയ വണ്ടികൾ വാങ്ങിയതോടെ വണ്ടികൾ വാങ്ങാനുള്ള അപേക്ഷയുമായി കൂടുതൽ വകുപ്പുകൾ രംഗത്തെത്താന്‍ സാധ്യതയുമുണ്ട്.