‘പിണറായി വിജയന്‍ കേരളത്തിന് ബാധ്യതയായ മുഖ്യമന്ത്രി; ജനം ദുരിതത്തില്‍ കഴിയുമ്പോള്‍ സര്‍ക്കാരിന് ധൂര്‍ത്ത്’ : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Wednesday, August 21, 2019

പിണറായി വിജയന്‍ കേരളത്തിന് ബാധ്യതയായ മുഖ്യമന്ത്രിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാനം സമാനതകളില്ലാത്ത പ്രളയദുരിതത്തില്‍ കഴിയുമ്പോഴും ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല. പ്രളയ സെസ് പിന്‍വലിക്കില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് ജനദ്രോഹപരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹനടപടിക്കെതിരെ വിധിയെഴുതിയതാണ്. എന്നിട്ടും ജനവികാരം പോലും മാനിക്കാതെ സര്‍ക്കാര്‍ ധൂര്‍ത്തും ആര്‍ഭാടവും തുടരുകയാണ്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത കെ.എസ്.ഇ.ബിയുടെ ഭീമമായ തുക വകമാറ്റിയത് സംബന്ധിച്ച് വിശദീകരിക്കണം. റീബിൽഡ് കേരളയ്ക്കായി സാലറി ചാലഞ്ചിലൂടെ ഏതൊക്കെ സ്ഥാപനങ്ങള്‍, എത്ര തുകയാണ് ഇനി നല്‍കാനുള്ളത് എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 4 ലക്ഷം രൂപ പര്യാപ്തമല്ല. എന്താണ് ഇതിന്‍റെ മാനദണ്ഡമെന്നും ഇക്കാര്യം പുനഃപരിശോധിക്കാന്‍ സർക്കാർ തയാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പ്രളയ സെസ് പിൻവലിക്കില്ലെന്ന തോമസ് ഐസക്കിന്‍റെ പ്രസ്താവന ധിക്കാരപരമാണ്. പ്രളയ സെസ് അശാസ്ത്രീയമാണെന്നും രണ്ടാമതും പ്രളയദുരന്തത്തില്‍ വലയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കാനുള്ള നീക്കമാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. പ്രളയസെസിന്‍റെ അധികഭാരം കൂടി അടിച്ചേല്‍പിക്കുന്നത് ജനദ്രോഹപരമാണ്. പ്രളയസെസ് പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് എന്തൊക്കെ സഹായങ്ങൾ ലഭിക്കുമെന്നത് സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുടെ യോഗം വിളിക്കാൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. കേന്ദ്രത്തിൽ നിന്ന് കിട്ടാവുന്ന പരമാവധി സഹായം നേടിയെടുക്കാൻ സമ്മർദം ചെലുത്തേണ്ടതിന് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിക്കേണ്ടതായിരുന്നു. പ്രളയദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പോലും കേരളത്തിലെ എം.പിമാർക്ക് സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതിനുപകരം എ സമ്പത്തിനെ കാബിനറ്റ് പദവിയോടെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിലൂടെ ഖജനാവിലെ പണം ധൂർത്തടിക്കാനും ഇതുവഴി  അധികച്ചെലവുണ്ടാക്കാനും മാത്രമേ ഉപകരിക്കുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.