പ്രവാസി ചിട്ടി താല്‍പര്യം അറിയിച്ചത് 1,20,000 പേര്‍ ; വരിക്കാരായത് വെറും 10,520 പേര്‍ ! 10 മാസങ്ങള്‍ക്ക് ശേഷം ‘ചിട്ടി ചൂട് ‘ കൂട്ടാന്‍ ധനമന്ത്രിയും സംഘവും ദുബായില്‍

B.S. Shiju
Thursday, September 26, 2019

ദുബായ് : സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവാസി ചിട്ടിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും 10,520 പേർ മാത്രമാണ് ഇതുവരെ ചിട്ടിയില്‍ ചേര്‍ന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചിട്ടി തുടങ്ങി പത്ത് മാസം പിന്നിട്ടപ്പോഴുള്ള കണക്കാണിത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വരിക്കാരായത്. അതേസമയം ഏറെ കൊട്ടിഘോഷിച്ച് നടന്ന യൂറോപ്പ് മേഖലയില്‍ നിന്ന് പ്രവാസി ചിട്ടിയിലേക്ക് ഇതുവരെ ആകെ 340 പേർ മാത്രമാണ് വരിക്കാരായത്.

ഇതിനിടെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പദ്ധതിയിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുക എന്ന ലക്ഷ്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കും സംഘവും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ദുബായിലെത്തി. ഇതുസംബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. പ്രവാസി ചിട്ടിയില്‍ 1,20,000 പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതില്‍ 10,520 പേരാണ് ഇപ്പോള്‍ ചേര്‍ന്നിട്ടുള്ളതെന്ന് മന്ത്രി തുറന്നുപറഞ്ഞു.

എന്നാല്‍ ഇതിനകം കാല്‍ലക്ഷം പേര്‍ കെ.വൈ.സി ( കസ്റ്റമറെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ) നടപടികള്‍ പൂര്‍ത്തിയാക്കി. ആകെ 353 ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് മാസം ആകെ 15 കോടി രൂപ അടവ് വരുന്നു. പത്തു മാസം കൊണ്ട് ആകെ 50 കോടി രൂപ കിഫ്ബി ബോണ്ടില്‍ നിക്ഷേപിച്ചെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, 2018 നവംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കിഫ്ബി ബോണ്ടില്‍ നിക്ഷേപിച്ച തുക വെറും 77.2 ലക്ഷം മാത്രമായിരുന്നുവെന്നും ഇപ്പോള്‍ എങ്ങനെയാണ് ഇത് പത്ത് മാസം കൊണ്ട് 50 കോടി രൂപയായതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ വലിയ വര്‍ധന ഉണ്ടായി എന്നുള്ള മറുപടിയാണ് മന്ത്രി പറഞ്ഞത്.

അതേസമയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലണ്ടനില്‍ നേരിട്ട് പോയി നടത്തിയ യൂറോപ്പ് മേഖലയുടെ ചിട്ടിയ്ക്ക് ഗള്‍ഫിനേക്കാള്‍ തണുത്ത പ്രതികരണം ആണ് ലഭിച്ചതെന്നും കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ യൂറോപ്പില്‍ നിന്ന് ആകെ 340 പേരാണ് വരിക്കാരായത്. ചിട്ടിയില്‍ വരിക്കാരാകുന്ന പ്രവാസികള്‍ക്ക് കിഫ്ബി വഴി കേരളത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികളില്‍ പങ്കാളികളാകാനും കഴിഞ്ഞ ഒക്ടോബറില്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായി ആരും ഇതിനായി മുന്നോട്ട് വന്നില്ലെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പ്രവാസി ചിട്ടിയില്‍ ചേരുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കിഫ്ബി വഴിയുള്ള ഏത് പദ്ധതിയും സ്‌പോണ്‍സര്‍ ചെയ്യാം. പതിനായിരം രൂപ മാസ തവണയുള്ള പ്രവാസി ചിട്ടിയില്‍ ചേരുന്നവരുടെ ക്ഷേമ നിധി പെന്‍ഷന്‍റെ മാസവിഹിതം കെ.എസ്.എഫ്.ഇ അടയ്ക്കും. ഇതോടൊപ്പം ഹലാല്‍ ചിട്ടിക്കും തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡിവിഡന്‍റോ ലേലം വിളിയോ ഹലാല്‍ ചിട്ടിയില്‍ ഉണ്ടാകില്ല. കിഫ്ബിക്കെതിരെയുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. സി.എ.ജിയ്ക്ക് കിഫ്ബിയില്‍ ഓഡിറ്റ് അനുവദിക്കും. എന്നാല്‍, സി.എ.ജിയെ കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍ ആക്കാന്‍ കഴിയില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. അങ്ങനെ ചെയ്താല്‍ വായ്പ കൊടുക്കുന്നതില്‍ നിയന്ത്രണം വരുമെന്നും അദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍, ഡയറക്ടര്‍ വി.കെ പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. യു.എ.ഇയിലെ വിവിധ വേദികളിലായി മൂന്നു ദിവസങ്ങളില്‍ മന്ത്രിയും സംഘവും പ്രവാസികളുമായും വിവിധ സംഘടനകളുമായും ഇതുസംബന്ധിച്ച് ആശയവിനിമയം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കെ.എസ്.എഫ്.ഇ ഉന്നത സംഘം ഉള്‍പ്പടെയുള്ള വലിയ ടീം മൂന്നു ദിവസങ്ങളിലായി യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ വഴി എത്ര തുകയുടെ ചിട്ടി വരിക്കാരെ കണ്ടെത്താനാകുമെന്ന ചോദ്യത്തോട് ‘അത് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്ന’ മറുപടിയാണ് ഡോ. തോമസ് ഐസക് പറഞ്ഞത്.