കിഫ്ബിയെ കരകയറ്റാമെന്ന സർക്കാരിന്റെ കണക്കൂകൂട്ടലുകൾക്ക് തിരിച്ചടി; പ്രവാസി ചിട്ടിയും പ്രതിസന്ധിയിൽ

Jaihind News Bureau
Sunday, November 3, 2019

കിഫ്ബിക്ക് പണം കണ്ടെത്താനായി സർക്കാർ തുടങ്ങിയ പ്രവാസി ചിട്ടിയും പ്രതിസന്ധിയിൽ. ഒരു വര്‍ഷംകൊണ്ട് ചിട്ടിയിൽ ചേര്‍ന്നത് 11,551 പേര്‍ മാത്രം. പ്രവാസി ചിട്ടിയിലൂടെ 1000 കോടി രൂപ കിഫ്ബി പദ്ധതികള്‍ക്കായി നൽകുമെന്ന ധനമന്ത്രിയുടെ കണക്കുകൂട്ടലിന് ഇതോടെ തിരിച്ചടിയായി.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അത് മറികടക്കാൻ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ വര്‍ഷം കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി ചിട്ടിയില്‍ ഒരുവര്‍ഷംകൊണ്ട് ചേര്‍ന്നത് 11,551 പേര്‍ മാത്രമാണ്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ 435 കോടിയുടെ മാത്രം വിറ്റുവരവാണ് ഇതിലൂടെ ലഭ്യമാവുക. പ്രധാനമായും കിഫ്ബിയ്ക്ക് പണം നല്‍കാനായി ആവിഷ്‌കരിച്ചതാണ് പ്രവാസി ചിട്ടി.

ആദ്യവര്‍ഷം 12,000 കോടി രൂപ ചിട്ടിയിലൂടെ സമാഹരിക്കുകയും അതില്‍ 1000 കോടി രൂപ കിഫ്ബി പദ്ധതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു തോമസ് ഐസക്കിന്‍റെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ പ്രവാസി ചിട്ടിയില്‍ നിന്നും കിഫ്ബിയിലേക്ക് കൊടുക്കാനായത് 62 കോടി രൂപ മാത്രം. പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനം പേരും ചിട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് കണ്ടെത്തിയതായാണ് ധനമന്ത്രി നേരുത്തെ പറഞ്ഞത്. അതേ സമയം 24 ലക്ഷത്തോളം പ്രവാസികള്‍ ഗല്‍ഫില്‍ തന്നെയുണ്ടെന്നാണ് കണക്ക്. അങ്ങനെ വന്നാല്‍ 16 ലക്ഷത്തിലധികം പേര്‍ ചിട്ടിയില്‍ ചേരേണ്ടതാണ്. എന്നാൽ ചേര്‍ന്നതാകട്ടെ 11,551 പേർ മാത്രം. ഇതോടെ പ്രവാസി ചിട്ടിയിലും സർക്കാരിന് തിരിച്ചടിയേറ്റു.

പ്രവാസി ചിട്ടി പൊളിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് ധനമന്ത്രിയുടെ അടുത്ത പദ്ധതി. ഇതിലൂടെ സർക്കാരിന്‍റെ മുഖം രക്ഷിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ധനംവകുപ്പ്. എന്നാൽ പ്രവാസി ചിട്ടിയിലൂടെയുണ്ടായ തിരിച്ചടി പുതിയ പദ്ധതിയിലൂടെ മറികടക്കാനാകുമൊയെന്ന ആശങ്കയും ധനംവകുപ്പിനുണ്ട്.