കിഫ്ബി : സർക്കാർ കാര്യങ്ങൾ ഒളിച്ചുവയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, November 13, 2019

കിഫ്ബിയിലെ അനധികൃത നിയമനം അടക്കമുള്ള കാര്യങ്ങൾ സർക്കാർ ഒളിച്ച് വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കിഫ്ബി എന്തുകൊണ്ട് ഓഡിറ്റിന് വിധേയമാക്കുന്നില്ല എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ഈ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കിഫ്ബിയിൽ സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് സബ്മിഷനായി പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സർക്കാർ എന്തോ ഒളിച്ചുവയ്ക്കുന്നതിനാൽ ഓഡിറ്റിനെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 14 (2) അനുസരിച്ച് ഓഡിറ്റിങ് നടത്താമെന്ന് ധനമന്ത്രി മറുപടി നൽകി.

സിഎജി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറാവാത്തതിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞതിനു ശേഷവും സി ആൻറ് എ ജി വീണ്ടും കത്ത് നൽകിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബിയിൽ നടക്കുന്ന അനധികൃത നിയമനങ്ങളുൾപ്പെടെയുള്ള ക്രമക്കേടുകൾ മറച്ചുവയ്ക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. 4 തവണ സിഎജി ഓഡിറ്റ് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ധനമന്ത്രി തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനേക്കാൾ സമഗ്രമായതാണ് 14 (1) പ്രകാരമുള്ള ഓഡിറ്റ്. അത് തുടരണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

എന്നാൽ മന്ത്രിയുടെ മറുപടി അവ്യക്തമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണ്ടി. മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വീണ്ടും ഇറങ്ങിപ്പോയി.