പ്രണയാഭ്യർത്ഥന നിരസിച്ചു; കൊച്ചി കാക്കനാട് പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

Jaihind News Bureau
Thursday, October 10, 2019

കൊച്ചി കാക്കനാട് പെൺകുട്ടിയെ തീകൊളുത്തി കൊന്നു.  പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ചത്. പുലർച്ചെ ബൈക്കില്‍ എത്തിയ യുവാവ് വീട്ടിൽ കടന്നു കയറി പെൺകുട്ടിയുടെ  മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനും ഗുരുതരമായ പൊള്ളലേറ്റു.  കളങ്ങാട് പത്മാലയത്തില്‍ ഷാലന്‍റെ മകള്‍ ദേവികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനാണ് യുവാവ് ശ്രമിച്ചതെന്നും തന്‍റെ ദേഹത്തും പെട്രോളൊഴിച്ചെന്നും അമ്മ പറഞ്ഞു.

സാരമായി പൊള്ളലേറ്റ പറവൂർ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. മിഥുന്‍ ഇവരുടെ അകന്ന ബന്ധുവാണെന്നും ഇതിന് മുമ്പും മിഥുന്‍ ഈ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.