അരിയില്‍ ഷുക്കൂർ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി

Jaihind Webdesk
Monday, June 17, 2019

Ariyil-Shukkoor-Case

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. കേസിന്‍റെ വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന സി.ബി. ഐ യുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നടപടി.കേസിന്‍റെ വിചാരണ നടപടികൾ തലശ്ശേരി സെഷൻസ് കോടതിയിലാണ് നടന്നിരുന്നത്. തലശേരി സെഷന്‍സ് കോടതിയില്‍ നേരത്തെ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. പി ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്.
എന്നാല്‍ ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം മടക്കുകയായിരുന്നു.

സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ നൽകിയ അപേക്ഷയിലായിരുന്നു അന്നത്തെ കോടതി തീരുമാനം. തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതിനാൽ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സി.ബി.ഐ കോടതിയിൽ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദിന്‍റെ ആവശ്യം.

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊലചെയ്യപ്പെട്ടത്. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് പി ജയരാജനും ടി.വി രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.