നൗഷാദ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം: കെ മുരളീധരന്‍ എം.പി

Jaihind Webdesk
Monday, August 12, 2019

തൃശൂർ ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് നേതാവ് നൗഷാദിന്‍റെ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം.പി. കേരള പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അഭിമന്യു വധക്കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസും എസ്.ഡി.പി.ഐയും തമ്മിൽ വഴിവിട്ട ബാന്ധവമെന്നും കെ മുരളീധരൻ ആരോപിച്ചു. നൗഷാദിന്‍റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിനെ  എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിട്ട് പോലീസ് അന്വേഷണം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ ശക്തമായ ആരോപണമാണ് കെ മുരളീധരൻ എം.പി ഉന്നയിച്ചത്. സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

അഭിമന്യു വധക്കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസും എസ്.ഡി.പി.ഐയും തമ്മിൽ വഴിവിട്ട ബന്ധമെന്നും  കെ മുരളീധരൻ ആരോപിച്ചു. കൊല്ലപ്പെട്ട നൗഷാദിന്‍റെ പുന്നായിലെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിന്ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. കൊലനടത്തിയത് പതിനെട്ടോളം പേരടങ്ങുന്ന സംഘമാണെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബീൻ പിടിയിലായത്. എന്നാല്‍ മറ്റ് പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.