ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ അമേരിക്കയില്‍ 5 മരണം

Jaihind Webdesk
Saturday, September 15, 2018

അമേരിക്കയുടെ തെക്ക് കിഴക്കൻ തീരത്തേക്കടുത്ത ഫ്ളോറൻസ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം. നോർത്ത് കരോലിനയിൽ കാറ്റ് കനത്ത നാശം വിതച്ചു. കടൽക്ഷോഭത്തേയും പ്രളയത്തേയും തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് 1100 വിമാനസർവീസുകൾ റദ്ദാക്കി.

നോർത്ത് കരോലിനയിലെ വിൽമിംഗ്ടണിന് സമീപം റൈറ്റ്‌സ്വിൽ ബീച്ചിലാണ് ചുഴലി ആദ്യം കരയിൽ ആഞ്ഞടിച്ചത്. കടൽജലം ഇരച്ചുകയറി തെരുവുകൾ വെള്ളത്തിലായി.
കനത്ത മഴ തുടരുകയാണ്. കരയിലെത്തിയതോടെ ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് ചുരുങ്ങിയെങ്കിലും ഫ്‌ളോറൻസ് ഇനിയും കനത്ത നാശം വിതയ്ക്കുമെന്ന് നോർത്ത് കരോലിന ഗവർണർ റോയി കൂപ്പർ പറഞ്ഞു.

https://www.youtube.com/watch?v=HstY7Pcew84

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സാധാരണ എട്ടുമാസം കൊണ്ടു പെയ്തു തീരേണ്ട മഴ രണ്ടോ മൂന്നോ ദിവസത്തിനകം നോർത്ത് കരോലിനയിൽ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. പതിനേഴ് ലക്ഷം പേർക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ന്യൂബേൺ നഗരത്തിൽ വീട് മാറാത്ത 200ൽ അധികം പേരെ പ്രളയജലത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിയും ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ട്. പലേടത്തും കെട്ടിടങ്ങൾ തകർന്നു. നോർത്ത്, സൗത്ത് കരോലിനയിലെ ലക്ഷക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതിവിതരണം നിർത്തിവെച്ചിട്ടുണ്ട്.

സുരക്ഷാകാരണങ്ങളാല്‍ ഒരു ആണവനിലയം അടച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 26,000 പേരെ 200 ക്യാമ്പുകളിലായി പാർപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി 4000 നാഷണൽഗാർഡുകൾ രംഗത്തുണ്ട്. 1100 വിമാനസർവീസുകൾ റദ്ദാക്കിയതോടെ രാജ്യം ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇരു കരോലിനകളിലും വിർജിനിയയിലും നേരത്തെ പ്രസിഡൻറ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മുപ്പത് വർഷത്തിനിടെ വീശുന്ന ഏറ്റവും
ശക്തമായ ചുഴലിക്കാറ്റാണിത്.