സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തതിനെതിരേ രൂക്ഷ വിമർശനവുമായി വി.ടി ബൽറാം എംഎൽഎ. അയോധ്യയിൽ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ, റഫാൽ അഴിമതിയിൽ അന്വേഷണമേ വേണ്ട എന്ന് വിധിയെഴുതിയ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നു എന്നാണ് ബൽറാം തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഇന്ത്യൻ ജുഡീഷ്യറിക്ക് മുൻപിൽ രണ്ട് വഴിയുണ്ട് ഒന്ന് രഞ്ജൻ ഗോഗോയിയുടേതും മറ്റൊന്ന് ജസ്റ്റിസ് ലോയയുടേതുമാണെന്നും ബൽറാം തന്‍റെ ഫെയ്‌സ് ബുക്കിൽ കുറിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതിയാണ് നാമനിർദേശം ചെയ്തത്. നിലവിലുള്ള രാജ്യസഭാംഗങ്ങളിൽ ഒരാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തിരിക്കുന്നത്. സാമൂഹികപ്രവർത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുൻ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂർവമാണെന്നും ബൽറാം വിമർശിച്ചു. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയിൽനിന്ന് ഗൊഗോയ് വിരമിച്ചത്.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാബരി മസ്ജിദ് കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽതന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നതും ഗൊഗോയിയുടെ കാലത്താണ്. അസമിൽ എൻആർസി നടപ്പാക്കിയപ്പോൾ ഗൊഗോയ് അതിന് അനുകൂലമായാണ് പ്രസംഗിച്ചത്.