പിണറായി സർക്കാരിന്‍റെ ‘സ്ത്രീ ശാക്തീകരണം’ എത്തിയോ : എം.എം.മണിയെ വിമര്‍ശിച്ച് വി.ടി ബൽറാം

Jaihind News Bureau
Wednesday, November 27, 2019

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാമിന്‍റെ വിമർശനം.

കഴിഞ്ഞ ദിവസം ശബരിമല സന്ദർശിക്കാനൊരുങ്ങിയ ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയേയും പേരെടുത്ത് പരാമർശിക്കാതെയാണ് മന്ത്രി എംഎം മണി പരിഹസിച്ചത് . ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസ പ്രകടനം.

ഒപ്പം ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക്‌പൊടി പ്രയോഗത്തേയും എംഎം മണി ട്രോളിയത് കണ്ണിനും, മനസ്സിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!’എന്ന വാക്കുകളോടെയാണ്. ഇതിനെ തുടർന്ന് നിരവധി ചർച്ചകൾക്കും ആക്ഷേപങ്ങൾക്കും ഫേസ്ബുക്ക് വേദിയായി.

സ്ത്രീശാക്തീകരണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിന്‍റെ നിലവിലെ സമീപനമാണ് പുതിയ ആക്ഷേപം ഉയരാൻ കാരണം. ഇതിന് പിന്നാലെയാണ് വിടി ബൽറാം മണിക്കെതിരെ രംഗതെത്തിയത്.

ഒരു സ്ത്രീ തെരുവിൽ വച്ച് ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു മന്ത്രി തന്നെ ട്രോള് ഉണ്ടാക്കി ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ സർക്കാരിന്‍റെ ‘സ്ത്രീ ശാക്തീകരണം’ എത്തിയോ എന്നാണ് ബൽറാം എംഎൽഎ ഉന്നയിച്ച ചോദ്യം.