‘ദാ…ഈ മറുപടിയിലുണ്ട് ഇദ്ദേഹത്തിന്‍റെ കൊട്ടിഘോഷിക്കപ്പെടുന്ന സൂക്ഷ്മതയും കൃത്യതയുമൊക്കെ!’; ‘സ്പ്രിങ്ക്‌ളര്‍’ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബൽറാം

Jaihind News Bureau
Monday, April 13, 2020

സ്പ്രിങ്ക്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഐ.ടി വകുപ്പിനോട് ചോദിക്കണമെന്നും തനിക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷ നേതാവും മാധ്യമ പ്രവർത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകൾ ഗുരുതരമായ സംശയമുയർത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയാത്തതാണോ അതോ പറയാന്‍ സൗകര്യമില്ല എന്ന ധാര്‍ഷ്ട്യമാണോ എന്ന് വി ടി ബല്‍റാം ചോദിക്കുന്നു. ഭരണഘടനാപരമായി ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ് അല്ലാതെ സാരോപദേശങ്ങളല്ല ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി ടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റിന്‍റെ പൂർണരൂപം :

ദാ… ഈ മറുപടിയിലുണ്ട് ഇദ്ദേഹത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സൂക്ഷ്മതയും കൃത്യതയുമൊക്കെ!

സംസ്ഥാന മുഖ്യമന്ത്രിയായ ഇദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഐടി വകുപ്പ്.

കഴിഞ്ഞ നാലഞ്ച് ദിവസമായി സംസ്ഥാന പ്രതിപക്ഷ നേതാവും മാധ്യമ പ്രവർത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകൾ ഗുരുതരമായ സംശയമുയർത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ട് ആ വകുപ്പിൻ്റെ ചുമതലക്കാരന് അതൊന്ന് കൃത്യതയോടെ പഠിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ കഴിയുന്നില്ല. അതോ മറുപടി പറയാൻ സൗകര്യമില്ല എന്ന ധാർഷ്ഠ്യമോ?

ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവർക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ്.

മുപ്പത് വർഷം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതുകൊണ്ട് മാത്രം നമ്പർ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടൺ പോസ്റ്റിനോടും പോയി തള്ളിയാൽ മതി. മുപ്പതല്ല മുന്നൂറ് വർഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ നിങ്ങൾക്കാവില്ല.