ദുബായ് ബസ് അപകടം: കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും

Jaihind Webdesk
Sunday, June 9, 2019

ദുബായ് അല്‍റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച്ച വൈകുന്നേരം സംഭവിച്ച ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 17 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. കാറുകള്‍ക്ക് മാത്രം കടന്നുപോകാന്‍ അനുവാദമുള്ള റോഡില്‍ നിര്‍ണയിച്ചിരിക്കുന്ന വേഗതയെക്കാളും 40 കിലോമീറ്റര്‍ സ്പീഡിലാണ് ഡ്രൈവര്‍ വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിക്കുന്നത്.

ഡ്രൈവര്‍ ഒമാന്‍ സ്വദേശിയായ സഈദ് മൊഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍, സഈദ് ദുബായ് മസ്‌കറ്റ് റൂട്ടിലെ സ്ഥിരം ഡ്രൈവറാണ്. എന്നിട്ടും ഇത്തരം ഒരു അപകടം എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്.
‘വെയിലിനെ മറയ്ക്കാനായി ഡ്രൈവര്‍ സീറ്റിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിന്റ് ഷീല്‍ഡുകാരണം ബാരിക്കേഡ് ദൂരെ നിന്ന് കാണാന്‍ സാധിച്ചില്ലെന്നും കണ്ടപ്പോഴേക്കും വണ്ടി നിര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു’ മകന്‍ ഹയാത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബാരിക്കേഡിന്റെ ഇടിയുടെ ആഘാതം ബസിന്റെ ഇടതുഭാഗത്താണ് ഏറെയും ഏറ്റത്.
2014 ന് ശേഷം ദുബായില്‍ സംഭവിച്ച ഏറ്റവും വലിയ അപകടമായാണ് വിലയി അപകടമായാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്. ഇതില്‍ 12 പേരും ഇന്ത്യക്കാരാണ്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒമാനില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പെട്ടത്. തലശ്ശേരി സ്വദേശികളായ ചോനോകടവത്ത് ഉമ്മര്‍ (56), മകന്‍ നബീല്‍ (23), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), തൃശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍ അറയ്ക്കവീട്ടില്‍, കിരണ്‍ ജോണി, കോട്ടയം സ്വദേശി കെ. വിമല്‍കുമാര്‍, രാജന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. വിക്രം ജവഹര്‍ ഠാക്കൂര്‍, ഫിറോസ് ഖാന്‍ അസീസ് പത്താന്‍, രേഷ്മ ഫിറോസ് ഖാന്‍ അസീസ് പത്താന്‍, റോഷ്നി മൂല്‍ഛാന്ദ്നി, വാസുദേവ് വിഷ്ണുദാസ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍.