തിത്‌ലി : ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം; ഗോവയിലും ജാഗ്രതാ നിർദേശം

Jaihind Webdesk
Friday, October 12, 2018

തിത്‌ലി ചുഴലിക്കൊടുങ്കാറ്റിൽ ഗോവയിലും ജാഗ്രതാ നിർദേശം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്‌ലി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഗോവയിലും വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്‌ലി ആന്ധ്രയിൽ എട്ട് പേരുടെ ജീവൻ കവർന്നിരുന്നു. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകൾ മരിച്ചത്. വാർത്താവിനിമയ മാർഗങ്ങളും തകരാറിലായിരുന്നു. ഒഡീഷ തീരത്തെത്തിയ തിത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.  മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഒഡീഷയിലെ തീരമേഖലയിൽനിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. 1,000 എൻഡിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചു. എൻഡിആർഎഫിന്‍റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു.