സ്ത്രീത്വത്തെ അപമാനിക്കല്‍: മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Jaihind Webdesk
Tuesday, February 5, 2019

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗവും ലോക്കല്‍ കമ്മിറ്റിയംഗവുമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. 2016ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു എന്ന പരാതിയിലാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷ്മിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. സിപിഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ ഇവരെ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ ഇവര്‍ ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ നല്‍കിയ സ്വകാര്യഅന്യായത്തിലാണ് ഇപ്പോള്‍ മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.