പി.കെ ശശി വിഷയത്തിലെ റിപ്പോര്‍ട്ട് ഇന്ന് CPM സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

Jaihind Webdesk
Friday, September 28, 2018

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി.കെ ശശി എം.എൽ.എക്ക് എതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.

ശശിക്ക് എതിരെ പാലക്കാട് ഡി.വെ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റ് പരിഗണിക്കും. എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. പരാതിക്കാരിയിൽ നിന്നും പി.കെ ശശിയിൽ നിന്നും കമ്മീഷൻ നേരത്തെ മൊഴി എടുത്തിരുന്നു. പാലക്കാട്ടെ പ്രാദേശിക നേതൃത്വം മൊഴിയെടുപ്പിൽ ശശിക്ക് അനുകുല നിലപാടാണ് സ്വീകരിച്ചത്. പരാതി പിൻവലിക്കാൻ യുവതിക്ക് മേൽ വൻ സമ്മർദവും ഉണ്ടായിരുന്നു.

വനിതാ നേതാവ് പരാതിയിൽ ഉറച്ച നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ നടപടിക്ക് ശുപാർശ ചെയ്യാൻ കമ്മീഷൻ നിർബന്ധിതമാകും. പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇത് അനിവാര്യമാണ്. ഇക്കാര്യം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറിയേറ്റിൽ പങ്കെടുക്കും. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട് നിർണായകമാകും. ശശി വിഷയത്തിന് പുറമേ സംഘടനാ വിഷയങ്ങളും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.അടുത്ത ദിവസങ്ങളിൽ സംസ്ഥാന സമിതിയും യോഗം ചേരും.