ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ജയില്‍ മോചിതനാകും ; ജാമ്യം നിബന്ധനകളോടെ

Jaihind News Bureau
Thursday, January 16, 2020

ന്യൂഡല്‍ഹി : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഇന്ന് ജയിൽ മോചിതനാകും. ഡൽഹി തീസ് ഹസാരി കോടതി ഇന്നലെയാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡിസംബർ 20 നാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലാകുന്നത്. സുരക്ഷയും ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലവും  മുന്‍നിർത്തി നിബന്ധകളോടെയാണ് ജാമ്യം.

ഒരുമാസം ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.  പൊലീസ് ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത ഒരു മാസം എല്ലാ ശനിയാഴ്ചകളിലും സ്റ്റേഷൻ ഓഫീസർക്ക് മുന്നിൽ ആസാദ് ഹാജരാകണം. ജയിൽ മോചിതനാകുന്ന ചന്ദ്രശേഖർ ആസാദിനെ 24 മണിക്കൂറിനകം സ്വന്തം നാടായ സഹാരണ്‍പൂരിൽ പോലീസ് സംരക്ഷണത്തിൽ എത്തിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഡല്‍ഹി തീസ് ഹസാരി കോടതി കഴിഞ്ഞ ദിവസം നടത്തിയത്. ആസാദ് പ്രതിഷേധിച്ചത് പാകിസ്ഥാനിലല്ല എന്നുപറഞ്ഞ കോടതി, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും പറഞ്ഞിരുന്നു. പൊലീസിന്‍റെ വാദമുഖങ്ങള്‍ തള്ളിയ കോടതി ആസാദിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഡൽഹി തീസ് ഹസാരി അഡീഷനൽ സെഷൻസ് ജഡ്ജി കാമിനി ലാവുവിന്‍റേതാണ് ഉത്തരവ്.