ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരായ വിധിയെഴുത്താകും ; ബി.ഡി.ജെ.എസ് വിഷയത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണം : കെ.സി വേണുഗോപാല്‍

Jaihind News Bureau
Sunday, October 6, 2019

 

ബി.ഡി.ജെ.എസ് ഇപ്പോഴും ബി.ജെ.പി യുടെ കൂടെത്തന്നെ ഉണ്ടോ എന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അരൂർ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. ബി.ജെ.പിയോടൊപ്പം നിൽക്കുക, അതേ സമയം തന്നെ സി.പി.എമ്മിനോട് നല്ല സമീപനവും പുലർത്തുകയും ചെയ്യുന്ന പാർട്ടികൾ കേരളത്തിലുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ബി.ഡി.ജെ.എസ് വിഷയത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തവണ മണ്ഡലകാലം വരുമ്പോൾ സംസ്ഥാന സർക്കാർ ശബരിമലയിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആശങ്കയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ തിടുക്കം കാട്ടിയ അമിത് ഷാ ശബരിമല വിഷയത്തിൽ തിടുക്കം കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്‍റ് എം ലിജു, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. സജീവ് ജോസഫ്, കെ.പി ശ്രീകുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.