ഉപതെരഞ്ഞെടുപ്പ്: കേരളത്തില്‍ 896 ബൂത്തുകളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Jaihind Webdesk
Tuesday, September 24, 2019

Teeka-Ram-Meena

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുമ്പുവരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

896 ബൂത്തുകളാണ് ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. മഞ്ചേശ്വരം – 198, എറണാകുളം – 135, അരൂര്‍ – 183, കോന്നി – 212, വട്ടിയൂര്‍ക്കാവ് – 168 എന്നിങ്ങനെയാണ് ബൂത്തുകള്‍ ക്രമീകരിക്കുക.  പ്രാഥമിക കണക്ക് അനുസരിച്ച് 89 ബൂത്തുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. ഇതില്‍ വര്‍ധനയുണ്ടാകാമെന്നും ബൂത്തുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലങ്ങളിലേക്കായി 1,810 ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. പുതിയ നയപരമായ തീരുമാനങ്ങളെടുക്കാന്‍ വിലക്കുണ്ടെങ്കിലും നിലവിലുള്ള പദ്ധതികള്‍ തുടരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും കാരണമില്ലാതെ പേര് നീക്കം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.  ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായി പെരുമാറിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.