കോടിയേരി എന്‍.എസ്.എസിനെ വിമർശിക്കുന്നത് പിന്തുണ ലഭിക്കാത്തതിനാല്‍ : കെ.സി വേണുഗോപാല്‍

Jaihind News Bureau
Monday, October 14, 2019

എൻ.എസ്.എസിനെ കോടിയേരി വിമർശിക്കുന്നത്പിന്തുണ ലഭിക്കാത്തത് കൊണ്ടാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി വേണുഗോപാൽ. കോടിയേരിയുടെ നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ മോഹന്‍ കുമാറിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്‍റുമായ കാവല്ലൂർ മധുവിന് അനുസ്മരണം രേഖപ്പെടുത്തിക്കൊണ്ടാണ് വട്ടിയൂർക്കാവിലെ  പൊതുയോഗ പരിപാടിക്ക് തുടക്കമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളും,  അഴിമതികളും ചൂണ്ടിക്കാട്ടുന്നതായിരുന്നു കെ.സി വേണുഗോപാലിന്‍റെ പ്രസംഗം.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കായി അഫിഡവിറ്റ് മാറ്റി നൽകാൻ തയാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. സാമുദായിക സംഘടനയ്ക്ക് തെരഞ്ഞെടുപ്പിൽ അവരുടെ നിലപാടുകൾ പറയാൻ അവകാശമുണ്ടെന്നും ശബരിമല വിഷയത്തിൽ എൻ.എസ്.എസ് എടുത്ത നിലപാട് കോടിയേരി മറക്കരുതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

അതേ സമയം തലസ്ഥാന നഗരത്തിൽ പോലും സി.പി.എം രാഷ്ട്രീയം പറയുന്നില്ല. പരീക്ഷയിൽ ജയിക്കാൻ വേണ്ട യോഗ്യത പാർട്ടിക്കാരനായാൽ മതി എന്ന് സി.പി.എം തെളിയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.എസ് ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.