മീ ടൂവിൽ കുടുങ്ങി ബി.ജെ.പി; അക്ബറിന്‍റെ രാജിക്കായി സമ്മര്‍ദം ശക്തം

Jaihind Webdesk
Saturday, October 13, 2018

ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്‍റെ രാജിക്കായുള്ള ആവശ്യം ശക്തമായി. നൈജീരിയയിലുള്ള അക്ബർ ഞായറാഴ്ച മടങ്ങിയെത്തിയശേഷം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാൻ ബി.ജെ.പിക്ക് അക്ബറിന്‍റെ രാജി അനിവാര്യമാണ്. ‘മീ ടൂ’ വെളിപ്പെടുത്തലിൽ നില പരുങ്ങലിലായി നരേന്ദ്ര മോദി മന്ത്രിസഭയിൽനിന്ന് പുറത്താകുന്ന ആദ്യമന്ത്രിയാകും അക്ബർ.

ന്യൂ ഏജ് പത്രത്തിന്‍റെ എഡിറ്ററായിരിക്കെ അക്ബർ ഓഫീസ് മുറിയിൽവെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തലാണ് മുൻ സഹപ്രവർത്തക ഗസല വഹാബ് നടത്തിയത്. അഭിമുഖത്തിനെത്തിയ തന്നോട് അക്ബർ മോശമായി പെരുമാറിയെന്ന പ്രിയാരമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഗുരുതര ആരോപണവുമായി കൂടുതല്‍ പേര്‍ എത്തുകയായിരുന്നു. ശാരീരികാതിക്രമം ഉണ്ടായെന്ന ഗസല വഹാബിന്‍റെ വെളിപ്പെടുത്തൽ അന്നത്തെ ബ്യൂറോ ചീഫ് ആയിരുന്ന സീമ മുസ്തഫയും ശരിവെച്ചു.

പ്രതിപക്ഷകക്ഷികളും മാധ്യമപ്രവർത്തകരും രാജി ആവശ്യം ഉന്നയിച്ചതോടെ ബി.ജെ.പിയും കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ്. ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും പ്രതികരിക്കാൻ വിദേശമന്ത്രി സുഷമ സ്വരാജ് തയാറായിട്ടില്ല. പരസ്യപ്രതികരണം വേണ്ടെന്നാണ് ബി.ജെ.പി നിർദേശം. സ്ത്രീസുരക്ഷ പ്രചാരണായുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനത്തിലാണ്.

അതിനിടെ മീ ടൂ ആരോപണങ്ങളിൽ അന്വേഷണംനടത്താൻ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു. വിരമിച്ച 4 ജഡ്ജിമാരെ അന്വേഷണത്തിന് നിയോഗിക്കാനാണ് തീരുമാനം.

ഏതുസമയത്തും സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണ് മീ ടൂ വിഷയം. ഒപ്പം കേന്ദ്രസർക്കാരിന്‍റെ മഹിളാ സ്നേഹം പൊള്ളയാണെന്ന കോൺഗ്രസ് ആരോപണങ്ങളേയും ഇത് ശരിവെക്കുന്നു.