ബി.ജെ.പിക്ക് 3 സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിടും; ജനപ്രീതിയില്‍ ഇടിവ്; 85സീറ്റുകള്‍ നഷ്ടമാകുമെന്നും സി വോട്ടര്‍ സര്‍വേ

Jaihind Webdesk
Friday, March 29, 2019

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സി വോട്ടര്‍ സര്‍വേ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിയ്ക്കാത്തതും കർഷക-യുവജനദ്രോഹ നടപടികളും ബിജെപിയുടെ മാത്രമല്ല എൻഡിഎ സഖ്യത്തിന്റെ തന്നെ ജനപ്രീതിയിൽ വൻ ഇടിവ് വരുത്തിയിട്ടുണ്ടെന്നും സർവ്വേ പറയുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ വൻ നഷ്ടമുണ്ടാകുമെന്നും 85ലേറെ സീറ്റുകളുടെ കുറവ് എൻ.ഡി.എക്ക് ഉണ്ടാകുമെന്നും സി വോട്ടര്‍ സര്‍വേ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍ അടക്കമുള്ളവരുടെയും ജനപ്രീതിയിലെ ഇടിവ് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വേ പറയുന്നു.

2014ല്‍ ഉത്തര്‍പ്രദേശ്, മഹാഹാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭൂരിഭാഗം സീറ്റുകളും നേടിയിരുന്നു. എന്നാല്‍, 2019ല്‍ ഈ സംസ്ഥാനങ്ങളില്‍ മോദിക്കും ബി.ജെ.പിക്കും കാര്യങ്ങളത്ര സുഗകരമല്ലെന്നാണ് വിലയിരുത്തലുകള്‍. 2014ല്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 73 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് നിരവധി ഘടകകങ്ങള്‍ ഇവിടെ തിരിച്ചടിയായുണ്ട്.

മോദിയുടെ ജനപ്രതീ മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വല്ല്യ കുറവാണ്.43.9 ശതമാനം. സീ വോട്ടറുടെ സര്‍വേയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജനപ്രതീ വെറും 22.2 ശതമാനം മാത്രമാണ്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനപ്രീതി വെറും 8.2 ശതമാനവും.

പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. കൂടാതെ എസ്.പി.ബി.എസ്.പി സഖ്യവും മുന്നേറി. 44 സീറ്റുകള്‍ ഇവിടെ എന്‍.ഡി.എക്ക് നഷ്ടമാകുമെന്നാണ് സി വോട്ടര്‍ കണക്കാക്കുന്നത്.

മഹാരാഷ്ട്രയില്‍ 48ല്‍ 41സീറ്റ് നേടിയ എന്‍.ഡി.എക്ക് ഇത്തവണ ഏഴ് സീറ്റുകള്‍ കൂടി നഷ്ടമായേക്കും.

തമിഴ്നാട്ടിലാണ് വന്‍ തിരിച്ചടി എന്‍.ഡി.എക്ക് ലഭിക്കുക. 39 സീറ്റ് എന്‍.ഡി.എയുടെ അക്കൌണ്ടിലേക്ക് വരവ് വച്ച ഇവിടെ ഇത്തവണ യു.പി.എ 34 സീറ്റ് നേടുമെന്ന് വിലയിരുത്തപ്പെടുന്നു.

ഹിന്ദി ഹൃദയ ഭൂമിയിലെ നഷ്ടം പശ്ചിമ ബംഗാളിലൂടെ നികത്താന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അവിടെ പരമാവധി എട്ട് സീറ്റേ ലഭിക്കാനിടയുള്ളൂ എന്നും സർവ്വേ പറയുന്നു.