ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

Jaihind Webdesk
Thursday, March 21, 2019

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കൾ ബി.ജെ.പി വിട്ടത് പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. 25 ഓളം നേതാക്കളാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ എത്തിയത്. ത്രിപുരയിൽ ബി.ജെ.പിയുടെ വിജയ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുന്ന രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് 35 വർഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയിൽ ആദ്യമായി കാവി പുതച്ചത്. ആകെയുള്ള 59 സീറ്റിൽ 35 സീറ്റും നേടിയായിരുന്നു ബി.ജെ.പിയുടെ വിജയം. എട്ട് സീറ്റുകളിൽ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും വിജയിച്ചു. എന്നാൽ വരുന്ന ലോക്‌സഭയിലും തേരോട്ടത്തിനൊരുങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ത്രിപുരയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ത്രിപുരയിൽ നിന്നും ഒറ്റയടിക്ക് മൂന്ന് മുതിർന്ന നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടത്. ബി.ജെ.പി വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബി.ജെ.പി വൈസ് പ്രസിഡന്‍റ് സുബാൽ ഭൗമിക്, കിസാൻ മോർച്ച വൈസ് പ്രസിഡൻറ് പ്രേംതോഷ് ദേബ്‌നാഥ്, പ്രകാശ് ദാസ് എന്നിവരാണ് കോൺഗ്രസിൽ എത്തിയ പ്രമുഖർ. സുബാൽ ഭൗമികും പ്രകാശ് ദാസും നേരത്തേ കോൺഗ്രസ് അംഗങ്ങളായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ ബി.ജെ.പിയിലേക്ക് പോയത്. ഇനിയും കൂടുതൽ നേതാക്കൾ ത്രിപുരയിൽ കോൺഗ്രസിലേക്ക് എത്തുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കിഷോർ ദബ്രുമാൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സുബാൽ ഭൗമിക്ക് പാർട്ടി വിടാനുണ്ടായ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ മാരണത്തോൺ ചർച്ചയ്ക്ക് ശേഷമാണ് ഭൗമിക് കോൺഗ്രസിലേക്ക് മടങ്ങാൻ തിരുമാനിച്ചത്. കോൺഗ്രസ് പാർട്ടി വിട്ട് പോയവരെല്ലാം കോൺഗ്രസിലേക്കു തന്നെ മടങ്ങിയെത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്. കൂടുതൽ നേതാക്കൾ മടങ്ങിയെത്തുമെന്ന് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ സുബാൽ ഭൗമിക്കും വ്യക്തമാക്കി. ത്രിപുരയിൽ തന്നെ സി.പി.എം നേതാവായ ദേബാഷിഷ് സെൻ പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഇത്തവണ ബി.ജെ.പിക്കൊപ്പം നിൽക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പിയുടെ വിജ പ്രതീക്ഷ അസ്തമിച്ചിരിക്കുകാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഐ.പി.എഫ്.ടിയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലയിൽ അടക്കം ബി.ജെ.പിയുടെ കുതിപ്പിന് മുന്നിൽ നിന്ന പാർട്ടിയാണ് ഐ.പി.എഫ്.ടി. ഇവരുടെ പിന്മാറ്റം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

ത്രിപുരയ്ക്ക് പുറമെ അരുണാചൽ പ്രദേശിൽ നിന്നും നിരവധി നേതാക്കൾ ബി.ജെ.പി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അരുണാചൽ പ്രദേശിൽ നിന്നുള്ള 25 നേതാക്കൾ രാജിവെച്ചത്. ഇക്കൂട്ടത്തിൽ രണ്ട് മന്ത്രിമാരും ആറ് എം.എൽ.എമാരും ഉണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സുരക്ഷിതമാക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് നേതാക്കളുടെ കൂട്ടത്തോടെയുള്ള ഈ കൊഴിഞ്ഞുപോക്ക്.