മുഖ്യമന്ത്രിയുടെ വാഹനം കാണുമ്പോള്‍ ജനങ്ങള്‍ ഓടിയൊളിക്കേണ്ട അവസ്ഥ: ബിന്ദു കൃഷ്ണ

webdesk
Thursday, January 3, 2019

പിണറായി വിജയന്‍റെ ഭരണത്തില്‍ സംസ്ഥാനത്ത് സമാധാനമായി പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും പരിക്കേറ്റ്ചികിത്സയിലാണ്. സംസ്ഥാന ഭരണം ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണെന്നും മുഖ്യമന്ത്രിയുടെ വാഹനം കാണുമ്പോള്‍ ജനങ്ങള്‍ ഭീതിയോടെ ഓടിയൊളിക്കേണ്ട ഗതികേടിലാണെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടിച്ചിട്ട ശേഷം മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡി.സി.സി സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. രാജീവ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് കുന്നുകുഴി മണ്ഡലം സെക്രട്ടറി ബിജു എന്നിവരെയാണ് കരിങ്കൊടി കാണിക്കുമ്പോള്‍ ഗോര്‍ഖി ഭവന് മുന്നില്‍വെച്ച് ഇടിച്ചിട്ടത്. തുടര്‍ന്ന് ബൈക്കില്‍ വരികയായിരുന്ന ഡി.സി.സി ഭാരവാഹികളായ കൃഷ്ണകുമാറിനെയും മുനീറിനെയും ബേക്കറി ജംഗ്ഷന് സമീപം വെച്ചായിരുന്നു പൈലറ്റ് വാഹനം ഇടിച്ചുകയറ്റി വധിക്കാന്‍ ശ്രമിച്ചത്.

ഇത് അപകടമല്ലെന്നും ഡ്രൈവർക്ക് വേണമെങ്കിൽ വാഹനം നിർത്താമായിരുന്നുവെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. നേരേ പോയിരുന്ന വാഹനം ബോധപൂര്‍വം വെട്ടിത്തിരിച്ച് പ്രവര്‍ത്തകരെ ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.