അയോധ്യ: സംഘപരിവാറിന്‍റെ രണ്ടാമൂഴത്തിന് പിന്നിലെ രാഷ്ട്രീയം

B.S. Shiju
Friday, November 2, 2018

മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിട്ടപ്പോഴാണ് രാമക്ഷേത്ര ചിന്ത സംഘപരിവാര്‍ സംഘടനകള്‍ക്ക് പ്രത്യേകിച്ച് ആര്‍എസ്എസിന് പെട്ടെന്നുള്ള ബോധോദയം ഉണ്ടാകുന്നത്. ഇതിന് പിന്നിലെ രാഷ്ട്രീയം വ്യക്തവുമാണ്. അടുത്ത നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂക്കുകുത്തി താഴെ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ആകാശത്ത് റഫേല്‍ ആരോപണത്തിന്‍റെ ചിറകടികള്‍ ഓരോ ദിവസന്തോറും കൂടിവരികയാണ്. ഇതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് അയോധ്യയില്‍ രാമക്ഷേത്ര പ്രക്ഷോഭവുമായി ബിജെപി രംഗത്തെത്തുന്നത്. രാജ്യം നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും മോദിയെ രക്ഷിച്ചെടുക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് ബിജെപിയ്ക്ക് ഇപ്പോള്‍ അയോധ്യ.  ഈ വിഷയം ഉയര്‍ത്തി ബിജെപിയും സംഘപരിവാര്‍ സംഘടനകളും ജനങ്ങളുടെ ശ്രദ്ധ പ്രത്യേകിച്ച് വോട്ടര്‍മാരില്‍ ഹിന്ദുധ്രുവീകരണം സംജാതമാകുമോ എന്ന പരീക്ഷണം കൂടിയാണ് അയോധ്യയെ വീണ്ടും പൊക്കിപ്പിടിച്ചുകൊണ്ടുള്ള പ്രക്ഷോഭം എന്ന മുന്നറിയിപ്പ്.

ദീപാവലിയോടെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു എന്ന് വ്യക്തമാക്കിയ ആര്‍എസ്എസിന് തന്നെ അറിയാം ദീപാവലിയ്ക്ക് ശേഷം നടക്കുന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ശുഭ വാര്‍ത്തയാകില്ലെന്ന്. 1992ലെ അയോധ്യ മോഡല്‍ പ്രക്ഷോഭത്തിന് ശേഷം വാജ്പേയുടെ നേതൃത്വത്തില്‍  ബിജെപി രണ്ട് തവണ അധികാരത്തില്‍ എത്തിയിരുന്നു. അന്നും സൌകര്യപൂര്‍വ്വം അയോധ്യ മറന്നു.

പിന്നീട് മോദിയുടെ കേന്ദ്ര ഭരണം നാലര വര്‍ഷം പിന്നിട്ടിട്ടും സംഘപരിവാര്‍ സംഘടകള്‍ക്കും ആര്‍എസ്എസിനും അയോധ്യ ചിന്താവിഷയമായിരുന്നില്ല.  മാത്രവുമല്ല അയോധ്യകേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാരിനും പ്രതിസന്ധികള്‍ ഉണ്ട്.

മാത്രവുമല്ല, മോദി അധികാരം ഏറ്റെടുത്ത ആദ്യ വര്‍ഷത്തില്‍ തന്നെ ചില സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അതിന് തടയിട്ടിരുന്നു.  “അടുത്ത 15 വര്‍ഷക്കാലം എന്‍റെ ലക്ഷ്യം ഇന്ത്യയുടെ പുരോഗതിയാണെന്നും വിവാദ വിഷയങ്ങള്‍ മാറ്റിവയ്ക്കപ്പെടണമെന്നും”  മോദി തന്നെ വ്യക്തിമാക്കുകയും ചെയ്തു.

എന്നാല്‍, റഫേല്‍ അഴിമതി, നോട്ട് നിരോധനം, വിലക്കയറ്റം, ഇന്ധനവിലയിലെ ക്രമാതീതമായ വര്‍ദ്ധനവ്, കാര്‍ഷിക – ചെറുകിട വാണിജ്യ മേഖലകളിലെ തകര്‍ച്ച, ജിഎസ്ടി നടപ്പാക്കിയതിലുള്ള അപാകത തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ ജീവിതം ദുരന്തപൂര്‍ണമായ സാഹചര്യത്തിലാണ്ആര്‍എസ് എസ് വഴി ഹിന്ദുവികാരം ആളിക്കത്തിച്ച് മോദി കപട നാടകം കളിക്കുന്നത്.  നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാന്‍ പോകുന്നതും ഇതേ വിഷയങ്ങളാണ്. ഇതിന് തടയിടാന്‍ ബിജെപി സംഘപരിവാര്‍ സംഘടനകളുടെ മുന്നില്‍ മറ്റൊരു ആയുധവുമില്ലാത്ത സാഹചര്യത്തിലാണ് ആവനാഴിയിലെ അവസാനത്തെ ആയുധം എന്ന നിലയ്ക്ക് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ഉപയോഗിക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ തലച്ചോറുകള്‍ തീരുമാനത്തില്‍ എത്തിയത്. സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പരാജയം  ഏറ്റുവാങ്ങുകയും കേന്ദ്രഭരണത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്താല്‍ നോട്ട് നിരോധനം റഫേല്‍ ഇടപാട് തുടങ്ങിയവയുടെ പിന്നിലെ വമ്പന്‍ അഴിമതികളാകും വെളിച്ചം കാണുന്നത്.