കേന്ദ്ര വിജിലൻസ് കമ്മീഷണർ, വിജിലൻസ്‌ കമ്മിഷണർ എന്നി നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, February 19, 2020

കേന്ദ്ര വിജിലൻസ് കമ്മീഷണർ, വിജിലൻസ്‌ കമ്മിഷണർ എന്നീ നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്സ്. കമ്മീഷണർ തസ്തികയിലേക്ക് അപേക്ഷകൻ പോലും അല്ലാത്ത ആളെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷനർ ആയി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമാണ് ഇതിന് നേതൃത്വം നൽകിയത്. രാജ്യത്തെ തന്ത്ര പ്രധാന തസ്തികയിലേക്ക് നടത്തിയ ഈ നിയമനങ്ങൾ എത്രയും വേഗം റദ്ദാക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ തസ്തികകളിൽ ഒന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷണർ. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മീഷണർ നിയമനത്തെ കേന്ദ്ര സർക്കാർ അട്ടിമറിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എം പി. കേന്ദ്ര വിജിലൻസ് കമ്മീഷണർ പദവിയിലേക്ക് ആളെ കണ്ടെത്താൻ നിയോഗിച്ച കമ്മിറ്റി നിർദ്ദേശിച്ച അംഗങ്ങളിൽ നിന്നല്ല നിയമനം നടന്നത്. ബിജെപിക്ക് താല്‍പര്യമുള്ള ആളെ കേന്ദ്ര വിജിലൻസ് കമ്മീഷണർ പദവിയിലേക്ക് നിയമിക്കുകയാണ് ചെയ്തത് എന്ന് കോണ്ഗ്രസ് വക്താവ് ആരോപിച്ചു.

വിജിലൻസ് കമ്മീഷർ തസ്തികയിലും കേന്ദ്ര സർക്കാർ ചട്ടങ്ങളെ കാറ്റിൽ പറത്തി. വിജിലൻസ് കമ്മീഷണറെ തെരഞ്ഞെടുക്കാൻ നിയോഗിച്ച കമ്മിറ്റിയിലെ അംഗം തന്നെ കമ്മീഷണർ തസ്തികയിലേക്കുള്ള അപേക്ഷകൻ ആയിരുന്നു. കേസിലെ പ്രതി തന്നെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജി ആകുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിനാൽ കേന്ദ്ര വിജിലൻസ് കമ്മീഷണർ, വിജിലൻസ്‌ കമ്മിഷണർ എന്നി രണ്ട് നിയമങ്ങളും എത്രയും വേഗം റദ്ദാക്കണം എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എംപി ആവശ്യപ്പെട്ടു.